ഫറോക്ക്: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കിഴുവനപ്പാടം മഞ്ജു നിവാസില്‍ കുറ്റിയില്‍തറ കമലയുടെ വീടാണ് കത്തിയമര്‍ന്നത്. തീപിടുത്തത്തില്‍ വീടിന്റെ ആധാരം, പുതിയ വീട് നിര്‍മ്മാണത്തിനു വേണ്ടി സൂക്ഷിച്ച പണം, സ്വര്‍ണ്ണം, രണ്ട് അലമാര, ഫര്‍ണിച്ചര്‍, കട്ടില്, കിടക്ക, ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, പാത്രങ്ങള്‍ തുടങ്ങി വീട്ടിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിച്ചാമ്പലായി. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീടു നിര്‍മ്മാണം നടക്കുന്നതിനാല്‍ കുടുംബം താമസിച്ചുവന്ന ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡാണ് കത്തിനശിച്ചത്. വൈകീട്ട് വീട് അടച്ചു വെസ്റ്റ്ഹില്ലിലെ മകളുടെ വീട്ടില്‍ ഇവര്‍ പോയിരുന്നു. ഷെഡില്‍ നിന്നും തീ ഉയരുന്നത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇവര്‍ തീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. ഇതിനിടെ വന്‍ ശബ്ദത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു തീ ആളിപ്പടര്‍ന്നത് നാട്ടുകാരെ ഭീതിപ്പെടുത്തി. അയല്‍വാസികള്‍ വീട്ടില്‍ നിന്നിറങ്ങിയോടി. സമീപത്തെ തെങ്ങുകളിലേക്കും തീ വ്യാപിച്ചു. ഉടന്‍ അഗ്നിശമന സേനയെ അറിയിച്ചു.
ഓടിക്കൂടിയ നാട്ടുകാരും മീഞ്ചന്തയില്‍ നിന്നും സ്റ്റേഷന് ഓഫിസര്‍ പിവി വിശ്വാസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീ അണച്ചത്. കെഎസ്ഇബി സെക്ഷന്‍ ജീവനക്കാര്‍ എത്തി ഉടന്‍ തന്നെ മേഖലയിലെ വൈദ്യുതിയും വിഛേദിച്ചു.
അതേസമയം സിലിണ്ടര്‍ പൊട്ടിത്തെറിച്ച ശബ്ദം കേട്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കിഴുവനപ്പാടം സ്വദേശിനി ഹസീന (45), തെക്കെപ്പാടം പെരിങ്കടക്കാട്ട് മുഹമ്മദ് കുട്ടി (60) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാലിനു സാരമായ പരിക്കേറ്റ ഹസീനയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.