ഇടമുളയ്ക്കല്‍: കൊവിഡ് വ്യാപനഭീതി നിലനില്‍ക്കുമ്പോഴും തന്റെ സമ്മതിദാനം രേഖപ്പെടുത്താന്‍ എത്തി 106കാരന് ബാലകൃഷ്ണപ്പിള്ള. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍മാരില്‍ ഒരാളുകൂടിയാണ് ബാലകൃഷ്ണപ്പിള്ള. പനച്ചവിള പുത്താറ്റ് വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തായ ഇടമുളയ്ക്കല്‍ ജവാഹര്‍ സ്കൂളിലാണ് ചുറുചുറുക്കോടെ അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
കര്‍ഷകനായിരുന്ന ബാലകൃഷ്ണപിള്ളയ്ക്കു ഇതുവരെ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോഴും ആരുടെയും സഹായമില്ലാതെ ദിവസവും ഒരു കിലോമീറ്ററോളം നടക്കാറുണ്ട്. ഭാര്യ പങ്കജാക്ഷിയമ്മ ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ആദ്യത്തെ വനിത അംഗമായിരുന്നു. വിമുക്തഭടനായ ഇളയ മകന് മധുസൂദനന് പിള്ളയോടെപ്പമാണു താമസം.