കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് ഒന്നരക്കോടി തട്ടിയ കേസിലെ പ്രതി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍. പിഎം താജ് റോഡിലെ യൂണിയന് ബാങ്കിലെ അപ്രൈസര്‍ പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രന്(70) ആണ് മരിച്ചത്. പയിമ്പ്ര പുത്തുകുളത്തിലെ വീടിന് അടുത്തുള്ള അമ്പലക്കുളത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബാങ്കില്‍ മുക്ക് പണ്ടം പണയം വച്ച് 1.6 കോടി രൂപ തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസിലെ പ്രധാന പ്രതി പുല്‍പ്പള്ളി സ്വദേശി ബിന്ദുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്രൈസറെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം.
പിഎം താജ് റോഡിലെ യൂണിയന് ബാങ്ക് ശാഖയില്‍നിന്ന് സ്വര്‍ണ്ണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് 1,69,51,385 രൂപ തട്ടിയതാണ് കേസ്. കേസില്‍ വയനാട് സ്വദേശിനിയായ ബിന്ദുവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
കേസില്‍ ബാങ്കിലെ അപ്രൈസര്‍ ഉള്‍പ്പടെ ഒമ്പതുപേരെ പ്രതികളാക്കിയായിരുന്നു പോലീസ് അന്വേഷണം നടത്തുന്നത്. 2020 ഫെബ്രുവരി മുതല്‍ ഒമ്പത് അക്കൗണ്ടുകളില്‍നിന്നായി 44 തവണകളായാണ് വ്യാജസ്വര്‍ണ്ണം ബാങ്കില്‍ പണയം വെച്ചുവെന്നാണ് കേസ്. ബാങ്കിന്റെ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം അധികൃതര്‍ക്ക് മനസിലായത്.