കേരളത്തിലെ ജനങ്ങള്‍ ഈ അഴിമതി സര്‍ക്കാരിനെ മനസിലാക്കിയിരിക്കുന്നു, അതിനാല്‍ വിജയം യുഡിഎഫിന് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കും കള്ളക്കടത്തിനുമെതിരെ ജനങ്ങളുടെ പ്രതികരണം യുഡിഎഫിന്റെ വിജയത്തോട് കൂടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും കൊടുക്കില്ല, യുഡിഎഫിലാണ് കേരള ജനതയുടെ പ്രതീക്ഷകളെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസിലെ ഉന്നതര്‍ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. കോടതിയില്‍ സമര്‍പ്പിച്ച മുദ്രവെച്ച കവറില്‍ ഉണ്ടായിരുന്ന മൊഴി കോടതിയെ ഞെട്ടിച്ചെങ്കില്‍, അത് അറിഞ്ഞാല്‍ ജനങ്ങളും ബോധരഹിതരാകുമെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റേത് ആര്‍എസ്എസിന്റെ ഭാഷയാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.
കൂടാതെ പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ ചുരുളഴിയുന്നതിനാല് ജനങ്ങള്‍ യുഡിഎഫിനെ മനസിലാക്കും, ആ പ്രതീക്ഷ തിരഞ്ഞെടുപ്പിലൂടെ പ്രകടമാകുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിംഗ് നടക്കുകയാണ്.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.