ഓച്ചിറ: വീട്ടു പരിസരത്തെ ആളൊഴിഞ്ഞ വീട്ടില്‍ മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത യുവാവിനും സുഹൃത്തുക്കള്‍ക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വെട്ടിയും കുത്തിയുമായിരുന്നു സംഘത്തിന്റെ ആക്രമണം. വെല്‍ഡിങ് തൊഴിലാളികളായ ഞക്കനാല്‍ കൊല്ലശേരില്‍ കോളനിയില്‍ വിഷ്ണു (23), ചുനാട് സ്വദേശികളായ അനുരാജ് (21), നിയാസ് (24) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.
കൈക്കു വെട്ടേറ്റ വിഷ്ണുവും കഴുത്തില്‍ കുത്തേറ്റ അനു രാജും ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശനിയാഴ്ച രാത്രി 10ന് കൊല്ലശേരില്‍ കോളനിക്ക് സമീപമായിരുന്നു സംഭവം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേമന സ്വദേശികളായ കുക്കു എന്നു വിളിക്കുന്ന മനു, മൈന ഹരി എന്നു വിളിക്കുന്ന ഹരി, സന്തോഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വീടിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഒത്തുചേര്‍ന്ന് ഗുണ്ടാസംഘമെത്തി മദ്യപിക്കുകയും ബഹളം വയ്ക്കുകയും പതിവ് കാഴ്ചയാണ്. ഇതാണ് വിഷ്ണു ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വിഷ്ണു സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്കും വരും വഴി ഗുണ്ടാസംഘം വഴിയില്‍ തടഞ്ഞു മൂവരെയും ആക്രമിക്കുകയായിരുന്നു.