കോഴിക്കോട്; കോഴിക്കോട് കടപ്പുറത്ത് കല്ലുമ്മക്കായ ചാകര. വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലുമ്മക്കായ ചാകര വീണ്ടുമെത്തിയതോടെ കോഴിക്കോട് എലത്തൂര്‍ ചെട്ടികുളം കടപ്പുറത്തേക്ക് ജനപ്രവാഹമാണ്. ചെട്ടികുളത്തെ നരിച്ചാല്‍ കടപ്പുറത്തു വെങ്ങാലിപ്പാറയുടെ ഭാഗമായുള്ള പാറക്കെട്ടുകളിലാണ് കല്ലുമ്മക്കായ കണ്ടത്.
ഈ കടപ്പുറത്ത് 3 വര്‍ഷത്തിനു ശേഷമാണ് കല്ലുമ്മക്കായ കാണുന്നത്. കടല്‍ക്കരയോട് ചേര്‍ന്നു കിടക്കുന്ന പാറകളില്‍ കല്ലുമ്മക്കായ നിറഞ്ഞതോടെയാണ് ഇത് പറിക്കാനായി നിരവധി പേരാണ് എത്തുന്നത്. നാലു ദിവസമായി കടപ്പുറത്ത് ആളുകൂടുകയാണ്.
പാറകളില്‍ നിന്നു കല്ലുമ്മക്കായ പറിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേരാണ് എത്തുന്നത്. വേലിയിറക്കസമയത്ത് രാവിലെ ആറു മണിക്കും വൈകിട്ട് ആറരയ്ക്കുമായാണ് ആളുകളെത്താറുള്ളത്. നിലവില്‍ കടലില്‍ മുങ്ങി കല്ലുമ്മക്കായ പറിക്കുന്ന നാനൂറോളം തൊഴിലാളികള്‍ ഈ മേഖലയിലുണ്ട്.
എല്ലാവര്‍ഷവും വൃശ്ചികത്തണുപ്പു കാലത്താണ് കല്ലുമ്മക്കായ ചാകര പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഓഖിക്കുശേഷം ഇതു കാണാതാവുകയായിരുന്നു.