തിരുവമ്പാടി: വിവിധ ജില്ലകളിലെ കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ട് പേര് പിടിയില്‍. നിലമ്പൂര്‍ പുള്ളിപ്പാടം ചെമ്പകശ്ശേരി ജിമ്മി ജോസഫ് (46), വയനാട് പാട്ടവയല്‍ പട്ടാറ അമരക്കുനി ബജീഷ് (മണി 41) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവരെയും മുക്കം മാമ്പറ്റയ്ക്കു സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് താമരശ്ശേരി ഡിവൈഎസ്പി ഇപി പൃഥിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി നേര്‍ച്ചപ്പെട്ടി മോഷണശ്രമത്തിനിടെ നൈറ്റ് പട്രോളിങ് സംഘത്തെ കണ്ടു പ്രതികള്‍ കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. അതേദിവസം തന്നെ പ്രതികള്‍ കൂടരഞ്ഞിയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കാരമൂലയിലെ മറ്റൊരു വീട്ടില്‍ നിന്ന് റബര്‍ ഷീറ്റും മോഷ്ടിച്ചിരുന്നു.
ബൈക്ക് പിന്നീട് താമരശ്ശേരി ചുങ്കത്തെ ലോഡ്ജില്‍ നിന്നും പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ കോടഞ്ചേരി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളിലെ ആള്‍ത്താമസമില്ലാത്ത ഒട്ടേറെ വീടുകളില്‍ ഇരുവരും കവര്‍ച്ച നടത്തിയതായും മുത്തേരി, അഗസ്ത്യന്‍മൂഴി, എരഞ്ഞിമാവ് എന്നിവിടങ്ങളിലെ മലഞ്ചരക്കു കടകള്‍ കുത്തിത്തുറന്നു മോഷണം നടത്തിയതായും മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
പോലീസ് പിടിയിലായ ജിമ്മി ജോസഫ് പത്ത് മാസം മുമ്പാണ് ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.
കോഴിക്കോട്, കണ്ണൂര്‍, വയനാട്,മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ നടന്ന മോഷണക്കേസുകളിലും കള്ളനോട്ട് കേസിലും പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ബജീഷ് ഓഗസ്റ്റിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കഞ്ചാവ് കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇരുവരെയും താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. തിരുവമ്പാടി എസ്ഐ എം നിജീഷ്, എസ്ഐമാരായ മജീദ്, മധു, മനോജ്, അഷ്റഫ്, വിശ്വന് സിപിഒ പ്രജീഷ്, ഷിനോജ്, ക്രൈംസ്ക്വാഡ് എസ്ഐ മാരായ രാജീവ് ബാബു, സുരേഷ്, ഷിബില്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.