കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കോഴിക്കോട് ബീച്ച് തുറന്നു. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബീച്ച് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നത്. ബീച്ചിലേക്കുള്ള പ്രവേശന നിരോധനം നീക്കിയതോടെ ജനം കുടുംബസമേതം കടല്‍ക്കരയിലെത്തി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് കടല്തീരത്തിറങ്ങി കളിക്കാനും കടല്‍ക്കാറ്റേറ്റ് സായാഹ്നം ചെലവഴിക്കാനും എത്തിയത്. അതേസമയം കടല്‍ തീരത്തെ ഉന്തുവണ്ടികളിലെ ലഘുഭക്ഷണ ശാലകളൊന്നും തുറന്നിട്ടില്ല.
ബീച്ചിലെത്തുന്ന കുട്ടികള്‍ക്കുള്ള കളിക്കോപ്പുകളുമായി ചില കച്ചവടക്കാര്‍ ബീച്ചിലെത്തിയിരുന്നു. അതേസമയം മാനാഞ്ചിറ സ്ക്വയര്‍ ഉള്‍പ്പെടെ നഗരത്തിലെ പാര്‍ക്കുകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കുമെന്നാണ് കോര്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞത്.