ഓയൂര്‍: ദുരൂഹത നീങ്ങി കൊലപാതകമാണ് ആശയുടെ മരണം എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഓടനാവട്ടം. വാപ്പാല പള്ളി മേലതില്‍ വീട്ടില്‍ 29കാരിയായ ആശ മരണത്തോട് മല്ലടിക്കുമ്പോഴും തന്റെ ഭര്‍ത്താവിനെതിരെ ഒരു വാക്ക് സംസാരിക്കാന്‍ ഒരുക്കമല്ലായിരുന്നു. സ്വന്തം പിതാവിനെയും മാതാവിനെയും ഒന്നും അറിയിച്ചതുമില്ല.
ഭര്‍ത്താവിനും മക്കള്‍ക്കും ഒന്നും സംഭവിക്കരുതെന്ന ആഗ്രഹം മാത്രമായിരുന്നു ആശയ്ക്ക്. ഒരു പക്ഷേ സംഭവം മുന്‍കൂട്ടി പറഞ്ഞിരുന്നെങ്കില്‍ ആശ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് നിറകണ്ണുകളോടെ പിതാവ് ജോര്‍ജ് പറയുന്നു. മദ്യപിച്ചെത്തുന്ന അരുണ്‍ മിക്കപ്പോഴും വീട്ടില്‍ ബഹളം ഉണ്ടാക്കുകയും ആശയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു.
വീടിന് സമീപത്തുള്ള പാറ മുകളില്‍ ആടിനെ തീറ്റുന്നതിനിടയില്‍ ആട് തള്ളിയിട്ട് ആശയ്ക്കു പരുക്കേറ്റെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഭര്‍ത്താവ് അരുണ്‍ദാസ് വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം തെളിഞ്ഞത്.
മിക്ക ദിവസവും വഴക്കു ഉണ്ടാകുന്നതിനാല്‍ അയല്‍ക്കാരും ശ്രദ്ധിക്കാറില്ല. നാട്ടുകാരുമായും ബന്ധുക്കളുമായി അടുപ്പം ഇല്ലാത്ത സ്വഭാവം ആയിരുന്നു അരുണിന്. ആര് വീട്ടില്‍ വന്നാലും മമ്മിയെ ആട് ഇടിച്ചു ഇട്ടതാണെന്ന് മക്കളെക്കൊണ്ടു പറയിപ്പിക്കുമായിരുന്നു. ശേഷം ദുരൂഹത തോന്നിയതോടെ നല്കിയ പരാതിയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.