ഏഴിമല: മൂന്നാംക്ലാസ് മുതല്‍ ഒന്നിച്ചുപഠിച്ചവര്‍ നാവിക അക്കാദമിയില്‍നിന്ന് പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയതും ഒന്നിച്ച്. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി പ്രണവ് പ്രശാന്തും കാസര്‍കോട് ബായാര്‍ സ്വദേശി നന്ദന്കൃഷ്ണയുമാണ് ഒരുപോലെ പഠിച്ച് ഇറങ്ങിയത്. ഏഴിമല നാവിക അക്കാദമിയില്‍ നിന്നാണ് ഇരുവരും ബിടെക് പഠനം പൂര്‍ത്തിയാക്കിയത്. ഇവരുള്‍പ്പെടെ 11 മലയാളികളാണ് ശനിയാഴ്ച പരിശീലനം പൂര്‍ത്തിയാക്കിയത്.
മാങ്ങാട്ടുപറമ്പ് കെല്‍ട്രോണ്‍ നഗര്‍ കേന്ദ്രീയ വിദ്യാലയയില്‍ മൂന്നാം ക്ലാസ് മുതല്‍ പത്താംതരം വരെ ഒന്നിച്ചാണ് ഇവര്‍ പഠിച്ചത്. നന്ദന്റെ പിതാവ് ശ്രീറാം കേരള പോലീസില്‍ അസി. കമാന്‍ഡന്റായിരുന്നു. ശ്രീറാം മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലായിരുന്ന കാലം മുതല്‍ നന്ദന് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠിച്ചത്. കണ്ണൂര്‍ ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് പിവി പ്രശാന്ത് കുമാറിന്റെ മകനാണ് പ്രണവ് പ്രശാന്ത്.
കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യന് നിഷയാണ് പ്രണവിന്റെ അമ്മ. സഹോദരി പൂജ കേന്ദ്രീയ വിദ്യാലയ കെല്‍ട്രോണ്‍ നഗറില്‍ പ്ലസ്വണ്ണിന് പഠിക്കുന്നു. കെഎപി മലപ്പുറത്തുനിന്ന് വിരമിച്ച നന്ദന്റെ കുടുംബം ഇപ്പോള്‍ ഉഡുപ്പിയിലാണ് താമസം. ഗായത്രിയാണ് നന്ദന്റെ അമ്മ.
ചെറുപ്പംതൊട്ടേ പോലീസ് യൂണിഫോം കണ്ട് പരിചിതമായ നന്ദന് സൈനിക യൂണിഫോമിനോട് അടുപ്പിച്ചത്. പ്രണവിനാകട്ടെ, കരിയര്‍ ട്രെയിനറും കൗണ്‍സിലറും കൂടിയായ അച്ഛന്റെ നിര്‍ദേശങ്ങളും ഗൈഡന്‍സുമാണ് പ്രേരണയായത്. പത്തിനുശേഷം കെല്‍ട്രോണ്‍ നഗര്‍ കേന്ദ്രീയ വിദ്യാലയയില്തന്നെ പ്ലസ്ടുവിന് പഠിച്ചു. നന്ദന് ബംഗളൂരുവില്‍ പ്ലസ്ടുവിന് ചേര്‍ന്നു. പിന്നീട് ടെക്നിക്കല്‍ എന്‍ട്രി വഴിയാണ് നന്ദന് നേവിയിലെത്തിയത്. പ്ലസ് ടുവിന് ശേഷം യുപിഎസ്സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷയിലൂടെയാണ് പ്രണവ് നേവിയിലെത്തിയത്.
നാവിക അക്കാദമിയിലും ഇരുവരും ഒരുപോലെ പഠനത്തിലും പരിശീലനത്തിലും തിളങ്ങുകയും ചെയ്തു. നന്ദന് നേവല്‍ അക്കാദമിയിലെ വോളിബോള്‍ പ്ലേയറും ഇന്റര്‍ അക്കാദമി ഭക്ഷികപ്പ് ഗോള്‍ഡ് മെഡലിസ്റ്റുമാണ്. നേവല്‍ അക്കാദമി ഡെയര്‍ ഡെവിള്‍ ട്രെയിനിങ് സ്ക്വാഡ്രന്‍ ഡിവിഷണല്‍ കേഡറ്റ് ക്യാപ്റ്റനായി തിളങ്ങി. പ്രണവ് ആകട്ടെ, ബ്രേവ് ഹാര്‍ട്ട് സ്ക്വാഡ്രണ്‍ കേഡറ്റ് ക്യാപ്റ്റനായിരുന്നു. ഈ സമയത്താണ് ബ്രേവ് ഹാര്‍ട്ട് സ്ക്വാഡ്രന്‍ നേവല്‍ അക്കാദമിയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്.