കരുനാഗപ്പള്ളി: ഇന്നലെ പുലര്‍ച്ചെ ടൗണില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറി ഉണ്ടായ അപകടത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും കരുനാഗപ്പള്ളിയും ജനങ്ങളും കരകയറിയിട്ടില്ല. പത്ര ഏജന്റന്മാരും വിതരണക്കാരും സബ് ഏജന്റന്മാരും ഒറ്റ പ്രതി പത്രം വാങ്ങാനെത്തുന്നവരും എല്ലാം തങ്ങുകയും വഴി യാത്രക്കാര്‍ കടന്നു പോകുകയും ചെയ്യുന്ന സ്ഥലത്തുണ്ടായ അപകടത്തില്‍ ആരൊക്കെ പെട്ടു എന്നറിയാതെ ഏറെ നേരമാണ് പരിഭ്രാന്തരായത്.
ആ ദുരന്തം എടുത്തത് യൂസഫിന്റെ ജീവനും. അപകടം നടന്ന ഉടന്‍ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കണ്ടെയ്നറിന്റെ ക്യാബിനും കടയുടെ ഷട്ടറിനും ഇടയില്‍പ്പെട്ട് യൂസഫ് ദാരുണമായാണ് മരണപ്പെട്ടത്. പുറത്തെടുക്കാനുള്ള പല ശ്രമങ്ങളും വിഫലമായി.
ഒടുവില്‍ ഒരു മണിക്കൂറിനു ശേഷം എത്തിയ രണ്ട് വലിയ ക്രെയിന്‍ ഉപയോഗിച്ച് ഏറെ പരിശ്രമിച്ച ശേഷമാണ് കണ്ടെയ്നര്‍ നീക്കി യൂസഫിനെ പുറത്തെടുക്കാന്‍ സാധിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. നാലു മണിക്കൂറോളം ടൗണില്‍ ഗതാഗത തടസ്സം ഉണ്ടായി.