അഞ്ചല്‍: നറുക്കെടുപ്പിന്റെ അരമണിക്കൂര്‍ മുന്‍പ് എടുത്ത ടിക്കറ്റില്‍ 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. ഇടമുളയ്ക്കലിലെ വാടകവീട്ടില്‍ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശി മാതേഷ് (27) ആണ് കേരള സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം നേടിയത്.
കഴിഞ്ഞ ദിവസം ചന്തമുക്കിലെ ലോട്ടറിക്കടയില്‍ നിന്നാണ് മാതേഷ് ടിക്കറ്റ് എടുത്തത്. രണ്ടു ടിക്കറ്റുകളെടുത്തതില് ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഏഴു വര്‍ഷത്തിലധികമായി അഞ്ചലില്‍ തുണിത്തരങ്ങള്‍ തവണവ്യവസ്ഥയില്‍ വിറ്റും മറ്റു ജോലികള്‍ ചെയ്തും ജീവിക്കുന്ന മാതേഷിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ഭാര്യ ശ്രീകലയും കൂടെയുണ്ട്.
കുറച്ചു സ്ഥലം വാങ്ങി, അവിടെയൊരു വീടുവയ്ക്കണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമെന്ന് മാതേഷ് പറയുന്നു. ആദ്യം അതു നടക്കട്ടെയെന്നും ബാക്കിയുള്ളതെല്ലാം പിന്നീട് ആലോചിക്കാമെന്നുമാണ് മാതേഷും കുടുംബവും പറയുന്നത്. ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചു.
അതേസമയം, കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പര്‍ അഞ്ച് കോടിരൂപയുടെ ഒന്നാം സമ്മാനം കരമനയില്‍ വിറ്റ ടിക്കറ്റിന്. കരമന നെടുങ്കാട് റോഡില്‍ അമ്മന്‍കോവിലിന് സമീപമുള്ള ദീപക് എന്ന ഏജന്റിന്റെ വിഡി ഭഗവതി ഏജന്‍സീസില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.