കുമളി: ഏലത്തോട്ടം തൊഴിലാളിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു, സംഭവം കൊലപാതകമെന്നു പോലീസ്. ദീപാവലി ആഘോഷിക്കാന്‍ സുഹൃത്തിനെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തി, തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസംമുട്ടിച്ചു കൊന്നുവെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി.
അമരാവതി പറങ്കിമാമൂട്ടില്‍ സജീവന് എന്നു വിളിക്കുന്ന സജ്ഞയനെ(55)യാണു ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി ബാലകൃഷ്ണന് (29), ഇയാളുടെ ഭാര്യ ശാന്തി (30) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഏലത്തോട്ടത്തില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്ന സജീവനെ ബാലകൃഷ്ണന് ദീപാവലി ആഘോഷിക്കാന്‍ ഒട്ടകത്തലമേട്ടിലെ വാടകവീട്ടിലേക്കു ക്ഷണിച്ചു. വൈകിട്ട് അണക്കരയിലുള്ള ബാറില്‍ പോയി മദ്യം വാങ്ങി തിരികെയെത്തി വീട്ടിലിരുന്നു മദ്യപിച്ചു. മദ്യലഹരിയില്‍ ബാലകൃഷ്ണനും സജീവനും തമ്മില്‍ വാക്കുതര്‍ക്കമായി. ബാലകൃഷ്ണന് സമീപത്തു കിടന്ന വിറകുകമ്പെടുത്തു സജീവന്റെ തലയ്ക്കടിച്ചു.
അടിയേറ്റു വീണ സജീവനെ പായയില്‍ വിരിച്ചിരുന്ന സാരി ഉപയോഗിച്ചു കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചുവെന്നു പറയുന്നു. പുലര്‍ച്ചെ ഉണര്‍ന്നു നോക്കുമ്പോഴാണു സജീവന് മരിച്ച കാര്യം ദമ്പതികള്‍ക്കു ബോധ്യമായത്. ഉടന്‍ ബാലകൃഷ്ണന് അയല്‍വാസികളെ വിളിച്ചുണര്‍ത്തി സജീവന് ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോ എന്നു സംശയമുണ്ടെന്നും അറിയിച്ചു. തുടര്‍ന്നു നാട്ടുകാരാണു വിവരം പോലീസില്‍ അറിയിച്ചത്.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കഴുത്തില്‍ കണ്ട സംശയാസ്പദമായ മുറിപ്പാടുകള്‍ കൊലപാതകമാണെന്നു സൂചന നല്കി. ഇതോടെ ബാലകൃഷ്ണനും ശാന്തിയും പോലീസിന്റെ നിരീക്ഷണത്തിലായി. കൊലപാതകമാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉറപ്പായതോടെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കുമളി എസ്എച്ച്ഒ ജോബിന് ആന്റണി, എസ്ഐ പ്രശാന്ത് പി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു.