കരുനാഗപ്പള്ളി: കൈകാലുകള്‍ ബന്ധിച്ച് സാഹസികമായി നീന്തി ഗിന്നസ് റെക്കോര്‍ഡ് നേടാനൊരുങ്ങി കൊല്ലംകാരന് ഡോള്‍ഫിന്‍ രതീഷ്. ടിഎസ് കനാലിലൂടെ 10 കിലോമീറ്റര്‍ നീന്തിയാണ് രതീഷ് ഗിന്നസ് റെക്കോര്‍ഡിലേക്കു കടക്കാനൊരുങ്ങുന്നത്. 18 ന് രാവിലെ പണ്ടാരത്തുരുത്ത് പാലത്തിനും ആയിരംതെങ്ങ് പാലത്തിനുമിടയിലാണു സാഹസിക പ്രകടനം.
20 സെന്റീമീറ്റര്‍ നീളമുള്ള കയ്യാമവും 50 സെന്റീമീറ്റര്‍ നീളമുള്ള ആമവും ബന്ധിച്ചാണു നീന്തുക. ആലപ്പാട്ടെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള രതീഷ് നേരത്തെ ഈ ഇനത്തില്‍ മത്സരിച്ച് ലിംക റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോഡിന് വേണ്ടിയുള്ള ഈ നീന്തല്‍ ദൗത്യം സംഘാടനം ‘സ്നേഹസേന’ ആണ് നിര്‍വഹിക്കുന്നത്.
ആലപ്പാട്ടെ വിമുക്തഭടന്മാരുടെ കൂട്ടായ്മയായ ആല്‍ഫ (ആലപ്പാടന്‍ പട്ടാളം) രതീഷിനു നീന്താന്‍ സ്വിമ്മിങ് കിറ്റ് വാങ്ങി നല്കി. പ്രസിഡന്റ് ഷൈനുവും സെക്രട്ടറി ശ്യംകുമാറും ചേര്‍ന്നാണു കൈമാറിയത്.
ഒഡിഷക്കാരനായ ഗോപാല്‍ ഖാര്‍വിങ് 2013 ഡിസംബറില്‍ മല്‍പേ ബീച്ചില്‍ 3.071 കിലോമീറ്റര്‍ നീന്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. 20 സെന്റിമീറ്റര്‍ നീളമുള്ള കൈയാമവും കാലില്‍ 50 സെന്റിമീറ്റര്‍ നീളമുള്ള ആമവും ബന്ധിച്ച് നീങ്ങാനാണ് രതീഷിന് അനുമതി. രണ്ട് അംഗീകൃത നീന്തല്‍ താരങ്ങളുടെ സാന്നിധ്യം നിര്‍ബന്ധമാണ്.
അറബിക്കടലിന് തിരശ്ചീനമായുള്ള ടിഎസ് കനാലില്‍ നടക്കുന്ന പരിപാടിയുടെ തത്സമയ ദൃശ്യങ്ങളും സാക്ഷികളുടെ സത്യപ്പെടുത്തലും പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ രതീഷ് ഇടംപിടിക്കും. സാധ്യമായാല്‍ ഈയിനത്തില്‍ ഇന്ത്യയിലെ ആദ്യ റെക്കോഡായി മാറും.
ഇംഗ്ലിഷ് ചാനല്‍ 35 കിലോമീറ്റര്‍ നീന്തുകയാണ് രതീഷിന്റെ മറ്റൊരു ലക്ഷ്യം. നെതര്‍ലന്‍ഡ്സില്‍ 6 മാസത്തോളം താമസിച്ചു പരിശീലനം നടത്തണം. ഇതിനായി 50 ലക്ഷത്തിലധികം രൂപ കണ്ടെത്തണം. ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡായി കൊല്ലം ബീച്ചില്‍ സേവനമനുഷ്ഠിക്കുകയാണ് രതീഷ്.