പത്തനംതിട്ട: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫി ഏറ്റുവാങ്ങി പത്തനംതിട്ട പോലീസ് സ്റ്റേഷന്. സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്തു നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും, അന്നത്തെ പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടറും ഇപ്പോള്‍ മാന്നാര്‍ എസ്എച്ച്ഒയുമായ എസ് ന്യൂമാന്‍ ട്രോഫി ഏറ്റുവാങ്ങി. എഡിജിപി മനോജ് എബ്രഹാം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
മികച്ച രീതിയില്‍ ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തി, ക്രൈം കേസുകളുടെ അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിലൂടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറച്ചു, ഡിജിറ്റല്‍ തൊണ്ടിമുറി സ്ഥാപിച്ചു, കൊലപാതകം അടക്കം പ്രധാന കേസുകളില്‍ പ്രതികളെ കണ്ടെത്തി, പൊതുജന ശിശു സൗഹൃദമായ അന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയ നിരവധി നേട്ടങ്ങളുടെ പേരിലാണ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനാവാന്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന് കഴിഞ്ഞത്.
അതേസമയം, സംസ്ഥാനത്തെ പതിനഞ്ച് പോലീസ് സ്റ്റേഷനുകള്‍ ശിശു സൗഹൃദമായി ക്രമീകരിച്ചിട്ടുണ്ട്. പാലക്കാട്ടെ പോലീസ് സ്റ്റേഷന് കണ്ടാല്‍ പോലീസ് സ്റ്റേഷനാണെന്ന് തോന്നുകയേയില്ല. നിറയെ കളിപ്പാട്ടങ്ങളും തൊട്ടിലും. ചുറ്റും കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരായ ഡോറയും മിക്കി മൗസും ഛോട്ടാ ഭീമുമെല്ലാം. കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള ഇടവും ശൗചാലയവുമെല്ലാം ഭംഗിയില്‍ ഒരുക്കിയിട്ടുണ്ട്.
പോലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികളുടെ ഭയമൊഴിവാക്കുകയാണ് ലക്ഷ്യം. മാതാപിതാക്കളോടൊപ്പമെത്തുന്ന കുട്ടികള്‍ക്ക് ഇനി സൗഹാര്‍ദപരമായ അന്തരീക്ഷമുണ്ടാവും. ഒറ്റപ്പാലത്തെ സ്റ്റേഷനില്‍ മനോഹരമായ ലൈബ്രറിയുമൊരുക്കിയിട്ടുണ്ട്. ജില്ലയില്‍ പോക്സോ കേസുകള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളിലൊന്ന് എന്ന നിലയ്ക്കാണ് ഒറ്റപ്പാലത്ത് പുതിയ കെട്ടിടം അനുവദിച്ചത്.