കാക്കനാട്: തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ചുമരെഴുത്തുകാര്‍ക്ക് വന്‍ ഡിമാന്റാണ് ഇപ്പോള്‍. എന്നാല്‍ തൃക്കാക്കര നഗരസഭയിലെ 19-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിക്ക് ചുവരെഴുത്തുകാരെ തേടി നടക്കേണ്ട ആവശ്യമില്ല, കാരണം ഇവിടെ സ്ഥാനാര്‍ത്ഥിയും ചുമരെഴുതുന്നതും ഒരാള്‍ തന്നെയാണ്.
തൃക്കാക്കര നഗരസഭയില്‍ 19-ാം വാര്‍ഡ് തുതിയൂരില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി രേവതി അലക്സാണ് ചുമരെഴുത്തും സ്വന്തമായി ചെയ്യുന്നത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നു ചിത്രകലയില്‍ ബിരുദം നേടിയ രേവതി ചിത്രകലാ അധ്യാപനത്തിനിടയിലാണ് സ്ഥാനാര്‍ത്ഥിയായത്.
എഴുത്തുവിദ്യ സ്ഥാനാര്‍ഥിയുടെ കൈവശമുള്ളപ്പോള്‍ വേറെ ആളെ തേടുന്നതെന്തിനെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യമാണ് രേവതിയെ ഉണര്‍ത്തിയത്. രേവതിയുടെ കലാവൈഭവം ചുമരിലൂടെ കണ്ടറിഞ്ഞപ്പോള്‍ അയല്‍ വാര്‍ഡായ കുന്നത്തുചിറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംകെ ചന്ദ്രബാബുവിനു തന്റെ ചുമരെഴുത്തും രേവതി തന്നെ ചെയ്യണമെന്നു മോഹം.
ചുമരുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും വരച്ച ശേഷമാണ് രേവതി ഇന്നലെ വോട്ട് ചോദിക്കാനിറങ്ങിയത്. തുടര്‍ച്ചയായി യുഡിഎഫ് വിജയിക്കുന്ന തുതിയൂര്‍ വാര്‍ഡ് പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് രേവതിയെ നിയോഗിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഫ്ളക്സ് പ്രിന്റിങ് വ്യാപകമാകുകയും ചുമരെഴുത്ത് കാലം പടിയിറങ്ങിയതോടെയുമാണ് എഴുത്ത് കലാകാരന്മാര്ക്ക് ജോലി ഇല്ലാതായത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലം ചുവരെഴുത്തുകാര്‍ക്ക് ചാകരയാണ്. പ്രത്യേകിച്ച് പഞ്ചായത്തുതല തെരഞ്ഞെടുപ്പ് ആയതിനാല്‍ എല്ലാ വാര്‍ഡുകളിലും ഇവര്‍ക്ക് എഴുത്തു ജോലി ഉണ്ട്. എഴുത്തുകാരെ കിട്ടാനില്ലെന്നാണു മിക്ക രാഷ്ട്രീയ പാര്‍ട്ടിക്കാരും പറയുന്നത്. രാത്രിയെന്നും പകലെന്നും ഇല്ലാതെ എഴുത്തുകാരെ കിട്ടുന്ന സമയം നോക്കി നടക്കുകയാണ് ഓരോ വാര്‍ഡിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍.