ഇലവുംതിട്ട: വനിതകളെ ശക്തിപ്പെടുത്തണമെന്നും ജീവിക്കാന്‍ സ്വയം പ്രാപ്തരാക്കണമെന്നും വാചാലരാകുന്നവരെ പ്രവര്‍ത്തിച്ച് കാണിച്ച് ജനമൈത്രി പോലീസ്. വനിതകള്‍ക്കായി തയ്യല്‍ പരിശീലനകേന്ദ്രം ആരംഭിച്ചാണ് ജനമൈത്രി പോലീസ് സമൂഹത്തിന് മാതൃകയായിരിക്കുന്നത്.
മെഴുവേലി ആലക്കോട് ജംക്ഷനിലാണ് പരിശീലന കേന്ദ്രം ആരംഭിച്ചത്. ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു. വനിതകളെ സ്വയം ശാക്തീകരിക്കാന്‍ ഉതകുന്ന പദ്ധതി സമൂഹം ഏറ്റെടുക്കണമെന്നും എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ തയ്യല്‍ മെഷീനുകളും വിതരണം ചെയ്യുന്നതാണ് പദ്ധതി. പ്രവാസിയായ ഷാജന് കോശി തന്റെ അമ്മയുടെ 85-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പരിശീലന കേന്ദ്രത്തിന് 5 തയ്യല്‍ മെഷീനുകള്‍ സംഭാവനയായി നല്കി.
എസ്എച്ച്ഒ എംആര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് സുധാകരന് പിളള മുഖ്യാതിഥിയായിരുന്നു. എസ്ഐ ടിജെ ജയേഷ്, അഡിഷനല്‍ ജില്ലാ ജനമൈത്രി നോഡല്‍ ഓഫിസര്‍ എ ബിനു, ഫാ. മത്തായി ഹെബ്രോണ്‍, ബാബു തോമസ്, കെപിഎ ജില്ലാ ജോയിന്റ് സെക്രട്ടറി കെഎസ് സജു, ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ എസ് അന്‍വര്‍ഷ, ആര് പ്രശാന്ത്, എസ് ശ്രീജിത്ത്, ശ്യാംകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊവിഡ് കാലഘട്ടത്തില്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും നിരീക്ഷണത്തിലുള്ളവര്‍ കഴിയുന്ന വീടുകളില്‍ ആവശ്യമായ സഹായം എത്തിക്കുന്നതിനും ജനമൈത്രി പോലീസിന്റെ സേവനം പ്രശംസനീയമായിരുന്നു.