ചേലക്കര: നാട്ടില്‍ തട്ടിപ്പുകള്‍ പലവിധത്തിലാണ് അരങ്ങേറുന്നത്. മനുഷ്യന് ആരേയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ സ്വന്തം നാടായ കേരളത്തില്‍ പോലും. വ്യാജ ഡോക്ടര്‍മാരും വ്യാജ അധ്യാപകന്മാരുമെല്ലാം അരങ്ങ് വാഴുമ്പോള്‍ ഇപ്പോഴിതാ തൃശ്ശൂരില്‍ ഒരേ സ്ഥലത്തിന്റെ വിവിധ ആധാരങ്ങള്‍ വിവിധയിടങ്ങളില്‍ പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആള് അറസ്റ്റിലായി.
തൃശ്ശൂര്‍ ചേലക്കരയിലാണ് സംഭവം. വയനാട് കല്പറ്റ ഇറക്കുന്നത്തു പറമ്പില്‍ ചന്ദ്രനാണ് (52) അറസ്റ്റിലായത്. ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വ്യാജ ആധാരം പണയം വച്ച് 7 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഒരേ സ്ഥലത്തിന്റെ വിവിധ ആധാരങ്ങള്‍ ഡിടിപി ചെയ്തുണ്ടാക്കി വിവിധയിടങ്ങളില്‍ പണയം വച്ചാണു തട്ടിപ്പു നടത്തിയിരിക്കുന്നത്.
സിഐ ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥരുടെ വ്യാജ സീല്‍ ഉണ്ടാക്കിയ കേസുകളില്‍ ഇയാള്‍ മുന്‍പ് പ്രതിയായിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരത്ത് വ്യാജ ആധാരം ചമച്ച് ആള്‍മാറാട്ടം നടത്തി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത കേസ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. കേസില്‍ മൂന്നു പേര് അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്തെ വ്യവസായിയും പൊന്നമ്പലം സ്റ്റീല്‍സ് ഉടമയുമായ ബൈജു വസന്ത്, വ്യാജ ആധാരം തയ്യാറാക്കിയ എഴുത്തോഫീസ് നടത്തിപ്പുകാരായ പാടശ്ശേരി ചന്ദ്രകുമാര്‍, എസ് ശ്രീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.