കൊച്ചി: കൊച്ചിയില്‍ പ്രണയം നടിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ട്പേരെ പോലിസ് അറസ്റ്റു ചെയ്തു. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാനയും (24) പോണേക്കര സ്വദേശി അല്‍ത്താഫുമാണ് (21) ചേരാനല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
ചേരാനല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു റിസ്വാനയും അല്‍ത്താഫും. രണ്ടു പേരും കൂടിയാലോചിച്ച് അല്‍ത്താഫിന് പരിചയമുള്ള വട്ടേക്കുന്നം സ്വദേശിയായ 19 കാരനെയാണ് റിസ്വാന പ്രണയം നടിച്ച് കുരുക്കിലാക്കിയത്. ഇദ്ദേഹത്തെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വരുത്തി നഗ്നനാക്കി ഫോട്ടോ എടുക്കുകയും തുടര്‍ന്ന് യുവാവിന്റെ സ്വര്‍ണ്ണമാലയും, മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയും ചെയ്തു.
യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേരാനല്ലൂര്‍ പോലീസ് അന്വേഷണം നടത്തി രണ്ടുപ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും ഇവര്‍ കവര്‍ന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.
എറണാകുളം എസിപി ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം ചേരാനല്ലൂര്‍ സിഐ എന്‍ആര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്ഐ കെആര്‍ രൂപേഷ്, സീനിയര്‍ സിപിഒ വിഎ ഷുക്കൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കാസര്‍കോട് വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസ് ഏറെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിനി അബ്ബാസിന്റെ ഭാര്യ മുപ്പത്തിയൊന്പതുകാരി പി സുബൈദയയാണ് അറസ്റ്റിലായത്.