പത്തനംതിട്ട: കള്ളനോട്ടുകള്‍ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍(സിഡിഎം) നിക്ഷേപിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട അഴൂര്‍ വേളൂരേത്ത് ശബരിനാഥിനെ (31) ആണ് എസ്എച്ച്ഒ ജി സുനില്‍ അറസ്റ്റ് ചെയ്തത്.
സിഡിഎം മുഖേനെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് കള്ളനോട്ടുകള്‍ നിക്ഷേപിച്ചാണ് യുവാവ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഐസിഐസിഐ ബാങ്കിന്റെ അബാന്‍ ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറിലെ സിഡിഎം വഴി നിതിന്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് ശബരിനാഥ് അഞ്ഞൂറിന്റെ 10 നോട്ടുകള്‍ നിക്ഷേപിച്ചത്. ഇതില്‍ 5 എണ്ണം കള്ളനോട്ട് ആയിരുന്നു.
മെഷീനില്‍ നിന്ന് പണമെടുത്ത ബാങ്ക് അധികൃതര്‍ കള്ളനോട്ട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അക്കൗണ്ട് ഉടമയുടെ വിശദവിവരങ്ങളും പണം ഇടാന്‍ വന്നയാളുടെ സിസിടിവി ദൃശ്യങ്ങളും സഹിതം ബാങ്ക് മാനേജര്‍ സഞ്ജയ്പിള്ള പോലീസില്‍ നല്കി. നിതിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പണമിട്ടത് ശബരിനാഥാണെന്ന് അറിഞ്ഞത്.
തുടര്‍ന്ന് ഇയാളെയും വിളിച്ചുവരുത്തി. അഖില്‍ എന്ന യുവാവാണ് തനിക്ക് പണം നല്‍കിയതെന്നായിരുന്നു ശബരിനാഥിന്റെ മൊഴി. കൊല്ലം സ്വദേശിയാണ് നോട്ടുകള്‍ തനിക്ക് കൈമാറിയതെന്ന് അഖില്‍ പോലീസിനോട് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ട് സിഡിഎമ്മില്‍ ഇട്ടയാളെന്ന നിലയില്‍ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശബരിയെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ സുരേഷ്കുമാര്‍, അനൂപ്, നിധിന്, അലീന സൈറസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, കള്ളനോട്ടും കഞ്ചാവും മാരകായുധങ്ങളുമായി ഏഴംഗ ക്രിമിനല്‍സംഘം പോലീസ് പിടിയിലായി. എറണാകുളവും തിരുവനന്തപുരവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് സംഘങ്ങളില്‍നിന്നാണ് ഇവര്‍ക്ക് കള്ളനോട്ട് ലഭിച്ചതെന്നാണ് വിവരം.