സൗഹൃദ വലയങ്ങളാലും, കുടുംബ ബന്ധങ്ങളാലും ജീവിച്ചു പോന്ന സുരേഷിന്റെ ജീവിതത്തില്‍ ദുരന്തം വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. ആ വേദനയിലും താങ്ങായി നിന്ന സൗഹൃദമാണ് സുരേഷിന്റെ പിന്‍ബലം. പെയിന്റ് പണിക്കാരനായ സ്റ്റീഫനാണ് തകര്‍ന്നു നില്ക്കുന്ന സുരേഷിനെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നത്. തേയില കടയില്‍ സെയില്‍സ് മാനാണ് സുരേഷ്. ബാല്യകാല സുഹൃത്തുക്കളാണ് ഇരുവരും. രണ്ട് വയസിന് മൂത്തതാണ് സ്റ്റീഫന്‍.
ഭാര്യയും രണ്ടു മക്കളും സുരേഷും കൂടി വഴിയരികിലൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തില്‍ പന്ത്രണ്ടു വയസുള്ള ഇവരുടെ മകന് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഇപ്പോഴും കിടക്കയില്‍ നിശ്ചലമായി തുടരുകയാണ്. പത്തൊന്‍പതു ശസ്ത്രക്രിയകള്‍ കഴിഞ്ഞു. കുടുംബത്തിലുള്ള ഈ ദുരന്ത സമയത്ത് താങ്ങും തണലുമായി നിന്ന സൃഹൃത്താണ് സ്റ്റീഫന്‍. ഉള്ളത് പങ്കുവച്ച് പരസ്പരം സഹായിച്ചവര്‍.
നല്ല ആരോഗ്യമുള്ള സ്റ്റീഫന്‍ മുടങ്ങാതെ പെയിന്റ് പണിക്കു പോകും. കിട്ടുന്ന തുക നശിപ്പിക്കാതെ കുടുംബം പോറ്റും. ഇതിനിടെയാണ്, സ്റ്റീഫന്റെ ജീവിതത്തിലും ദുരന്തം സംഭവിച്ചത്. തുടര്‍ച്ചയായ ക്ഷീണം. ആരോഗ്യത്തിന് എന്തോ കുഴപ്പം. ഉടനെ, ഡോക്ടറെ കാണിച്ചു. ”വൃക്കകള്‍ തകരാറിലാണ്. എത്രയും വേഗം ഡയാലിസിസ് തുടങ്ങണം”. ഡയാലിസിസ് തുടങ്ങി ക്ഷീണം മാറിയപ്പോള്‍ വീണ്ടും പെയിന്റ് പണിക്ക് പോയി തുടങ്ങി. പക്ഷേ, ആരോഗ്യ വഷളായി. വൃക്കകള്‍ മാറ്റിവയ്ക്കണം. കുടുംബാംഗങ്ങളുടെ വൃക്ക പരിശോധിച്ചപ്പോള്‍ ചേരുന്നില്ല. പിന്നെ, പണം നല്കി ആരുടേയെങ്കിലും വൃക്ക വാങ്ങണം.
ശസ്ത്രക്രിയയ്ക്കുതന്നെ പണമില്ല. അപ്പോള്‍ പിന്നെ എങ്ങനെ പണം കൊടുത്തു വൃക്ക വാങ്ങും. ഈ സാഹചര്യത്തിലാണ് സുരേഷിന്റെ നന്മനിറഞ്ഞ മനസ് വെളിപ്പെട്ടത്. സ്റ്റീഫനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് തിരിച്ചറിഞ്ഞ നല്ല ചങ്ങാതി സുരേഷ് പറഞ്ഞു. ”സ്റ്റീഫാ നീ വിഷമിക്കേണ്ട. എന്റെ വൃക്ക ഒത്തു നോക്കാം”. നിറകണ്ണുകളോടെയാണ് സ്റ്റീഫന്‍ പ്രിയപ്പെട്ട ചങ്ങാതിയുടെ വാക്കുകള്‍ കേട്ടത്. ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള ഒരു കൈ സഹായം.
പരിശോധന കഴിഞ്ഞപ്പോള്‍ ഇരുവരുടേയും മനസ് പോലെതന്നെ വൃക്കകള്‍ തമ്മിലും നല്ല ചേര്‍ച്ച. ഉറ്റചങ്ങാതിമാരുടെ നന്മയുള്ള സൗഹൃദം തിരിച്ചറിഞ്ഞ നാട്ടുകാരും കൈകോര്‍ത്തു. സ്റ്റീഫന്‍ ചികില്‍സ സഹായനിധി രൂപികരിച്ചു. കാരണം, സ്റ്റീഫനും സുരേഷിനും ശസ്ത്രക്രിയ വേണം. നല്ല തുക സ്വരൂപിക്കണം. സുരേഷിനാണെങ്കില്‍ കിടപ്പിലായ ഭാര്യയെ ചികില്സിക്കണം. മകളെ നോക്കണം. സ്റ്റീഫന്‍ കിടപ്പിലായതിനാല്‍ കുടുംബത്തിന്റെ ഉപജീവനവും പ്രശ്നം. തൃശൂരിലെ ഒരു ചെറിയ ഗ്രാമമാണ് ആമ്പക്കാട്. നാട്ടുകാര്‍ പരിശ്രമിച്ചു നോക്കിയിട്ടും ശസ്ത്രക്രിയയ്ക്കും തുടര്‍ചികില്‍സയ്ക്കും പണം സ്വരൂപിക്കാന്‍ കഴിഞ്ഞില്ല. ഈ നല്ല ചങ്ങാതിമാരുടെ ജീവിതത്തെ സഹായിക്കാന്‍ ആരെങ്കിലും കാരുണ്യം കാണിക്കുമെന്നാണ് നാടിന്റെ പ്രതീക്ഷ.
സ്റ്റീഫന്‍ ചികില്‍സാ സഹായനിധി അക്കൗണ്ട് നമ്പര്‍ : 015203815279190001 കാത്തലിക് സിറിയന്‍ ബാങ്ക് മുതുവറ ഐ.എഫ്.എസ്.സി: CSBK0000152