തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്ന ഇക്കാലത്ത് തട്ടിപ്പിനിരയായി വാര്‍ത്തകളില്‍ ഇടംപിടിച്ച് ഒരു തിരുവനന്തപുരം സ്വദേശി. ഓണ്‍ലൈന്‍ വഴി ലാപ്ടോപ്പ് ബുക്ക് ചെയ്ത യുവാവിന് 3.20 ലക്ഷം രൂപയാണ് നഷ്ടമായത്.
ഒക്ടോബര്‍ 26 നായിരുന്നു യുവാവ് ലാപ്ടോപ്പ് വാങ്ങുന്നതിനായി മുന്‍കൂര്‍ പണം നല്കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. അമേരിക്കയില്‍ നിന്ന് കൊറിയര്‍ വഴി ലാപ്ടോപ്പ് അയച്ചുനല്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞ തിയ്യതിയില്‍ ലാപ്ടോപ്പ് ലഭിച്ചില്ല. മാത്രമല്ല കൂടുതല്‍ തുക ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിലുള്ള പല ഐടി പ്രൊഫഷണലുകളും ഇത്തരം ചതിയില്‍ പെട്ടതായി മനസിലക്കാന്‍ സാധിച്ചു. ആലിബാബ ഓണ്‍ലൈന്‍ സൈറ്റ് വഴി ബുക്ക് ചെയ്തവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് സമാനമായ രീതിയില്‍ നഷ്ടമായിരിക്കുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍, ജോബ് സൈറ്റുകള്‍ വഴി പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായും അതിനാല്‍ ഓണ്‍ലൈന്‍ വഴി പണം കൈമാറ്റം ചെയ്യുന്നവര്‍ വിശ്വാസ്യത ഉറപ്പുവരുത്തി മാത്രമേ പണം കൈമാറാവൂ എന്നും സിറ്റി ക്രൈം പൊലീസ് സ്റ്റേഷന് എസിപി ടി ശ്യാംലാല്‍ അറിയിച്ചു.
അതേസമയം, വായ്പ നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമാണ്. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പണം നഷ്ടമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ പേരിലാണ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് നടക്കുന്നത്. കോവിഡ് കാലത്ത് ബാങ്കില്‍ പോകാതെ ലോണ്‍ എടുക്കാമെന്ന് പ്രചരിപ്പിക്കുന്നതിലാണ് പലരും വീഴുന്നത്. പരാതികള്‍ വ്യാപകമായതോടെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.