കോട്ടായി: കൃഷിപ്പണികള്‍ക്കായി തൊഴിലാളികളെ കിട്ടാതെ വലഞ്ഞ കോട്ടായി മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി അന്തര്‍സംസ്ഥാന തൊഴിലാളികള്‍. ഞാറ് പറിച്ച് നടാന്‍ നാട്ടില്‍ തൊഴിലാളികളെ കിട്ടാനില്ലാതെ ആശങ്കയിലായ കര്‍ഷകര്‍ക്കാണ് അതിഥിത്തൊഴിലാളികള്‍ ആശ്വാസമായത്.
പശ്ചിമബംഗാളില്‍ നിന്നും തൊഴിലാളികള്‍ എത്തിയതോടെ വയലുകള്‍ ഉണര്‍ന്നു. ഞാറ് നടീല്‍ തകൃതിയായി നടന്നു. 28 തൊഴിലാളികളാണ് പശ്ചിമബംഗാളില്‍ നിന്നും എത്തിയത്. ഒരേക്കര്‍ ഞാറ് പറിച്ച് നടാന്‍ നാലായിരം രൂപയാണ് ഇവര്‍ക്ക് കൂലി. രാവിലെ ആറിന് പാടത്ത് ജോലി തുടങ്ങുന്ന ഇവര്‍ വൈകിട്ട് ആറ് വരെ എട്ട് ഏക്കര്‍ സ്ഥലത്ത് ഞാറ് നടും.
നാട്ടിലെ തൊഴിലാളികള്‍ എട്ട് ഏക്കര്‍ സ്ഥലത്ത് ഞാറ് നടാന്‍ എട്ട് ദിവസം എടുക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മാത്രമല്ല ഇവര്‍ക്ക് ഇരട്ടി കൂലി നല്‍കേണ്ടി വരുമെന്നും ഭക്ഷണവും എത്തിച്ച് നല്‍കണമെന്നും കര്‍ഷകര്‍ പറയുന്നു. അതിഥിതൊഴിലാളികളെ ഏജന്റ് മുഖേനയാണ് കേരളത്തില്‍ എത്തിക്കുന്നത്. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയില്‍ നിശ്ചിത ശതമാനം ഏജന്റിന് ഉള്ളതാണ്.
അതേസമയം, എറണാകുളം പനങ്ങാട് നെല്ല് കൊയ്യാന്‍ ആളെ കിട്ടാതെ വലയുകയാണ്. 25 ഏക്കറില്‍ വരുന്ന പൊക്കാളി പാടത്ത് കൊയ്ത്ത് തുടങ്ങിയില്ലെങ്കില്‍ നെല്ല് നശിച്ചുപോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കേരളത്തില്‍, പ്രത്യേകിച്ച് ഈ കൊവിഡ് കാലഘട്ടത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനിടയിലും കൃഷിപ്പണിക്കള്ക്കായി ആളെ കിട്ടുന്നില്ല എന്നതാണ് സത്യം. മാത്രമല്ല നാട്ടിലെ തൊഴിലാളികളുടെ കൂലിച്ചെലവ് കര്‍ഷകര്‍ക്ക് താങ്ങാനാവുന്നതുമല്ല.