കടുത്തുരുത്തി: നാല്പത് ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രമുള്ള അപൂര്‍വ്വ രക്തം കുഴപ്പിച്ചത് കുറുമുള്ളൂര്‍ പൂവനില്‍ക്കുന്നതില്‍ ഭവാനിയമ്മ(88)യെയാണ്. വീട്ടില്‍ വെച്ച് വീണ് പരിക്കേറ്റ ഭവാനിയമ്മയെ ചികിത്സിയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രക്ത ഗ്രൂപ്പ് കണ്ടെത്തിയത്. വീഴ്ചയില്‍ സാരമായി ഇടുപ്പെല്ലിന് ക്ഷതമേറ്റ ഭവാനിയമ്മയ്ക്ക് ശസ്ത്രക്രിയ കൂടിയേ തീരൂ. എന്നാല്‍ ഇടുപ്പെല്ലിലെ ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായിരുന്നു.
ഇതിനായി രക്തം പരിശോധിച്ചപ്പോള്‍, ഒ പോസിറ്റീവ് വിഭാഗത്തില്‍പ്പെട്ട ബോംബെ ഗ്രൂപ്പാണ് ഭവാനിയമ്മയ്ക്കെന്ന് കണ്ടെത്തി. രക്തം നല്കാന് ഒരു ദാതാവ് ഇല്ലാത്തതാണ് ഇവരെ കുഴപ്പിച്ചത്. മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് മിഷന് ആശുപത്രിയിലാണ് സംഭവം. ഭവാനിയമ്മയ്ക്ക് ചികിത്സ തേടേണ്ട യാതൊരു അസുഖങ്ങളും മുമ്പ് ഉണ്ടാകാത്തതിനാല്‍ രക്തം പരിശോധിച്ചിരുന്നില്ലെന്ന് മകള്‍ ജയശ്രീ പറഞ്ഞു. ഇതേ വിഭാഗത്തില്‍പ്പെട്ട രക്തദാതാക്കളെ കണ്ടെത്തുന്നതിന് ഏറെ തിരയേണ്ടിവന്നു. തൊടുപുഴ ഐഎഎയുടെ സഹായത്തോടെയാണ് കോതമംഗലം സ്വദേശിയായ കോട്ടപടി പാറയ്ക്കല്‍ പികെ സന്തോഷിനെ(42) കണ്ടെത്തിയത്.
സന്തോഷ് കോട്ടപടിയിലെ ഓട്ടോ ഡ്രൈവറാണ്. ഇതിനുമുമ്പ് സന്തോഷ് ബോംബെ ഗ്രൂപ്പില്‍പ്പെട്ട ആറുപേര്‍ക്ക് പല സമയങ്ങളിലായി രക്തം കൊടുത്തിട്ടുണ്ട്. ഭാര്യ: ദീപ. മക്കള്‍: സന്ദീപ്, സഞ്ചു. കുറുമുള്ളൂര്‍ പൂവനില്‍ക്കുന്നതില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യയാണ് ഭവാനിയമ്മ. ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖംപ്രാപിച്ച ഭവാനിയമ്മ ശനിയാഴ്ച ആശുപത്രി വിട്ടു. ലോകത്തില്‍ 40 ലക്ഷം പേരില്‍ ഒരാള്‍ക്ക് കാണുന്നതാണ് ഈ ഗ്രൂപ്പില്‍പ്പെട്ട രക്തം. മുംബൈയിലെ ഒരു റെയില്‍വേ തൊഴിലാളിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയതെന്ന് ഭവാനിയമ്മയെ ചികിത്സിച്ച ഓര്‍ത്തോപീഡിക് സര്ജന് ഡോ ജോര്‍ജി ജെ കുരുവിള പറഞ്ഞു. ഇവരുടെ രക്തം ആര്‍ക്ക് വേണമെങ്കിലും സ്വീകരിക്കാം. എന്നാല്‍ ഇവര്‍ക്ക് ഇതേ ഗ്രൂപ്പിലുള്ളത് മാത്രമേ സ്വീകരിക്കാനാവൂ.