തിരുവനന്തപുരം: ഒടുവില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരനെ തേടിയും ആ വിളിയെത്തി. പണം തട്ടിയെടുക്കാന്‍ എടിഎം കാര്‍ഡ് തട്ടിപ്പുസംഘത്തിന്റെ ശ്രമം. പക്ഷെ തട്ടിപ്പ് കെണിയില്‍ വീഴാതെ സംഘത്തെ പൊളിച്ചടുക്കി മന്ത്രി.
നാലുദിവസം മുമ്പ് ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് വന്ന കോള്‍ മന്ത്രി തന്നെയാണ് എടുത്തത്. എടിഎം കാര്‍ഡ് ബ്ലോക്കായെന്നും പിന്‍നമ്പര്‍ പറഞ്ഞുതന്നാല്‍ സഹായിക്കാമെന്നുമായിരുന്നു ഓഫര്‍. ഹിന്ദിയില്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ മലയാളത്തില്‍ പറയാനായി മന്ത്രി. അതോടെ സംസാരം മലയാളത്തിലായി. സംശയം തോന്നിയപ്പോള്‍ ഫോണ്‍ ഗണ്‍മാനു കൈമാറി.
പിന്നീടുള്ള ദിവസങ്ങളിലും വിളിയെത്തി. തിരിച്ചുവിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ഒടുവില്‍ മന്ത്രിയുടെ ഫോണിലേക്കാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ വിളി നിലച്ചു.
എന്നാല്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി സാജു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്കി. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഫോണ്‍വിളി ഡല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലെടുത്ത ജിയോ ഫോണ്നമ്പരാണിതെന്നും തിരിച്ചറിഞ്ഞു. ആളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ് സൈബര്‍ സെല്‍.