തിരുവനന്തപുരം: സ്വന്തമായി ആഡംബരകാര്‍ ഉണ്ടായിട്ടും സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്ന 46,000 പേര്‍ക്കു വിലക്ക്. ഇവരെ വൈകാതെ പട്ടികയില്‍ നിന്നു പുറത്താക്കും. ഓണത്തിനു മുന്നോടിയായി കുടിശികയടക്കം നാലു മാസത്തെ പെന്ഷന് വിതരണം ഈ മാസം പത്തിന് ആരംഭിക്കാനിരിക്കെയാണ് ഇവരെ താത്കാലികമായി ഒഴിവാക്കിയത്. സ്വന്തം പേരില്‍ 1000 സിസിക്കു മുകളില്‍ ശേഷിയുള്ള കാറുള്ളവരെയാണ് ആദ്യഘട്ടമായി ഒഴിവാക്കിയത്.
എന്നാല്‍ മക്കളുടെ പേരില്‍ കാറുള്ളവര്ക്കു പെന്ഷന് തുടര്‍ന്നും ലഭിക്കും. ഇത്തരത്തില്‍ ഒരു ലക്ഷത്തിലേറെപ്പേരുണ്ടെന്നാണു ധന വകുപ്പിന്റെ കണക്ക്. ടാക്സിയായി കാര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പെന്ഷന് ലഭിക്കും. ഇതേക്കുറിച്ചു സര്‍വേ നടത്താന്‍ നിയോഗിച്ച മഹിളാപ്രധാന്‍- എന്‍എഎസ് ഏജന്റുമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പില്‍ നിന്നു കൂടി വിവരം ശേഖരിച്ചാണു നടപടി.
ഇത്തരത്തില്‍ സസ്പെന്‍ഷനിലായവര്‍ സ്വന്തമായി വാഹനം ഇല്ലെന്നു തെളിയിക്കുന്ന പക്ഷം സാമൂഹികസുരക്ഷാ പെന്ഷന് മടക്കി നല്‍കും. ഇപ്പോള്‍ താത്കാലിക ഒഴിവാക്കല്‍ നടപടി നേരിടുന്നവരെ വൈകാതെ പട്ടികയില്‍നിന്നു പുറത്താക്കും. രണ്ടാംഘട്ടമായി, സ്വന്തം പേരില്‍ 1200 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടിയും ധന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഇവരുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ കൂടി പരിഗണിച്ചാകും തുടര്‍നടപടി. തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ഇതു സംബന്ധിച്ചു വൈകാതെ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും ഒഴിവാക്കലില്‍ നിര്‍ണായകമാകും.
സാമൂഹികസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നവരില്‍ ഇത്തരം വീടുള്ള 1.5 ലക്ഷം പേരുണ്ടെന്നാണു കണ്ടെത്തല്‍. മരണമടഞ്ഞെന്നു കണ്ടെത്തിയ 35,000 പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനന- മരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പിഴവുണ്ടായെങ്കില്‍ അര്‍ഹമായ രേഖ ഹാജരാക്കുന്നവര്‍ക്കു പെന്ഷന് വിതരണം തുടരും.
42.5 ലക്ഷം പേരാണു പെന്ഷന് പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ കാറുള്ളവരെയും മരിച്ചവരെയും ഒഴിവാക്കി ബാക്കി 41.8 ലക്ഷം പേര്‍ക്കുള്ള പെന്ഷന് വിതരണം ഒന്പതിനു തുടങ്ങുമെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ ഓഫീസ് അറിയിച്ചു. പെന്ഷന് വാങ്ങേണ്ടവരുടെ അന്തിമ പട്ടിക അടുത്ത ദിവസം തന്നെ ലഭിക്കും.
21.5 ലക്ഷം പേര്‍ക്കു ബാങ്ക് വഴി നേരിട്ട് പെന്ഷന് തുക അക്കൗണ്ടിലെത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്ക് ഏജന്റുമാര്‍ വഴി പെന്ഷന് തുക കൈകളിലെത്തും. പുതുതായി പെന്ഷന് അപേക്ഷ നല്‍കിയിട്ടുള്ള 3.6 ലക്ഷം പേരുടെ ഡേറ്റാ എന്‍ട്രി ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ക്ഷേമനിധി പെന്‍ഷനുകള്‍ വിതരണം നടത്താന്‍ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.