കൊല്ലം: കുറുമ്പ് കാട്ടിയതിന് അമ്മ അടിക്കുമെന്നു പേടിച്ചു സ്ലാബിനടിയിൽ ഒളിച്ച 3 വയസുകാരി വീട്ടുകാരെ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം. നീണ്ട പരിഭ്രാന്തിക്കൊടുവിൽ കുരുന്നിനെ കണ്ടെത്തി. കൊല്ലം ജില്ലയിലെ മയ്യനാട് ധവളക്കുഴിയിലാണു സംഭവം.
രാവിലെ കുട്ടിയെ കുളിപ്പിച്ചതിനു പിന്നാലെ വസ്ത്രം ധരിക്കാൻ നിർദേശിച്ച ശേഷം അമ്മ അകത്തേക്കു പോയി. വസ്ത്രം ധരിക്കാത്തതിനെ തുടർന്ന് അമ്മ വഴക്കു പറഞ്ഞ ശേഷം അടിക്കാൻ വടിയെടുത്തപ്പോൾ കുട്ടി പേടിച്ച് അകത്തേക്കോടി.
അമ്മ ഈ സമയം വീട്ടിലെ മറ്റു ജോലികളിലേക്കു പോയി. കുറച്ചു കഴിഞ്ഞു കുട്ടിയെ തിരക്കിയപ്പോഴാണ് ‘കാണാനില്ല’ എന്നു മനസ്സിലായത്. ഇതോടെ പരിഭ്രാന്തരായ അമ്മയും മുത്തശ്ശിയും നിലവിളിയായി.
നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ നാലുപാടും അന്വേഷണം തുടങ്ങി. തുടർന്നു ഇരവിപുരം പൊലീസിനെയും വിവരം അറിയിച്ചു. ഇതിനിടയ്ക്ക്, അയൽപക്കത്തെ യുവതി കുട്ടിയുടെ വീട്ടിനുള്ളിൽ വിശദമായ പരിശോധന നടത്തി. അപ്പോഴാണു അടുക്കളയിലെ സ്ലാബിനടിയിൽ കയറി ഒളിച്ചിരിക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.