കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിന് കുരുക്ക് മുറുക്കി ദമ്പതികളെ മൊഴി മാറ്റം. ഇരയായ കന്യാസ്ത്രീയുടെ സ്വഭാവ ദൂഷ്യം ആയുധമാക്കിയായിരുന്നു ബിഷപ്പിന്റെ കളികള്‍. എന്നാല്‍ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പരാതി നല്കിയ ദമ്പതികളും മൊഴി മാറ്റി. കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം സംബന്ധിച്ച് ദമ്പതികള്‍ പരാതി നല്‍കിയിരുന്നെന്നും ഈ പരാതി പരിശോധിക്കുന്നതിനിടെയാണ് കന്യാസ്ത്രീ ബിഷിപ്പിനെതിരായ കേസ്സുമായി മുന്നോട്ടുപോയതെന്നുമാണ് രൂപതയും ബിഷപ്പും ഉന്നയിച്ചിരുന്ന വാദം.
ബിഷപ്പിനും രൂപതയ്ക്കുമെതിരെ തെളിവുണ്ടായിട്ടും അവര്‍ ഈ വാദത്തില്‍ ഉറച്ച് നിന്നിരുന്നു. എന്നാല്‍ കന്യാസ്ത്രീക്കെതിരെ അന്ന് പരാതി നല്കിയ ദമ്പതികളാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്. അന്ന് പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമായിരുന്നെന്നും ദമ്പതികള്‍ മൊഴി നല്കി. വ്യക്തിപരമായ പല പ്രശ്നങ്ങള്‍ കാരണവും തെറ്റിദ്ധാരണ മൂലവുമാണ് പരാതി നല്‍കിയതെന്നും പിന്നീട് പരാതിയില്‍ കഴമ്പില്ലെന്ന് മനസ്സിലായെന്നുമാണ് ദമ്പതിമാര്‍ നല്കിയ മൊഴി.
കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് എര്‍ത്തയിലിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥന് കുറവിലങ്ങാട് മഠത്തിലെത്തിയന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്. കുറവിലങ്ങാട് മഠത്തില്‍ ഫാദര്‍ ജെയിംസ് എര്‍ത്തയിലിനൊപ്പം കുറവിലങ്ങാട് മുന്‍ എസ്ഐ ആയിരുന്ന വ്യക്തി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന് എന്തിനെത്തിയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരുകയാണ്. പ്രാര്‍ഥനയ്ക്ക് എത്തി എന്നാണ് പോലീസുകാരന്റെ വാദം. എന്നാല്‍ എങ്ങനെയാണ് ഫാദറിനൊപ്പം കൃത്യസമയത്ത് എത്തിയതെന്നാണ് അന്വേഷിക്കുന്നത്.