കൊച്ചി: കഴിഞ്ഞ പ്രളയ കാലത്ത് തന്റെ കടയിലെ വസ്ത്രങ്ങൾ മുഴുവൻ പ്രളയത്തിൽ ദുരിതത്തിലായവർക്ക് നൽകിയ നൗഷിദിനെ എല്ലാവർക്കും അറിയാം. കൊച്ചിയിലെ ബ്രോഡ് വേ തെരുവിൽ കച്ചവടം നടത്തുന്ന നൗഷാദ് തന്റെ അരികിൽ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് എത്തിയവർക്കായിരുന്നു വസ്ത്രങ്ങൾ നൽകിയത്.
കേരളം വീണ്ടുമൊരു ദുരന്ത മുഖത്ത് നിൽക്കുമ്പോൾ കൈത്താങ്ങുമായി നൗഷാദ് വീണ്ടുമെത്തിയിരിക്കുകയാണ്. ഇത്തവണ കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ തെരുവിൽ കുടുങ്ങിയവർക്ക് ഭക്ഷണവുമായിട്ടാണ് നൗഷാദ് എത്തിയിരിക്കുന്നത്.
സുഹൃത്തിന്റെ വാഹനത്തിൽ കൊച്ചി നഗരത്തിലെ തെരുവിൽ ഭക്ഷണമില്ലാതെ കുടുങ്ങിയവർക്ക് പൊതിച്ചോറുമായി നൗഷാദ് എത്തി. നൂറോളം പേർക്കാണ് നൗഷാദിന്റെ പൊതിച്ചോറ് ആശ്വാസമായത്. തുടർന്നുള്ള ദിവസങ്ങളിലും പൊതിച്ചോറ് എത്തിക്കാനാണ് നൗഷാദിന്റെ തീരുമാനമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.