ഗുരുവായൂര്‍: പ്രായാധക്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്(84)ചരിഞ്ഞു. ആരാധകരേറെയുള്ള ദേവസ്വത്തിലെ തലമുതിര്‍ന്ന ആനയായ ഗുരുവായൂര്‍ പത്മനാഭന് ഒരു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ആനയ്ക്ക് 80 വയസ് കഴിഞ്ഞു.ആരോഗ്യ നിലയില്‍ ആശങ്ക തുടരവെ മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ലെന്ന് നേരത്തെ പത്മനാഭനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നതിനാല്‍ ആയുര്‍വേദ മരുന്നുകളും നല്‍കുന്നുണ്ടെന്ന് ദേവസ്വം അധികൃതരും നേരത്തെ വ്യക്തമാക്കിയിരുന്നു.
24മണിക്കൂറും ആനയെ പരിചരിക്കാന്‍ ആളുണ്ടായിരുന്നു.ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയായിരുന്നു ഗുരുവായൂര്‍ പത്മനാഭന്. 2.25 ലക്ഷം വരെയാണ് പത്മനാഭന്റെ ഏക്കം. (തുക). പത്മനാഭന്റെ വിയോഗം വിശ്വാസികകള്ക്കും ആനപ്രേമികള്‍ക്കും നികത്താനാവാത്ത നഷ്ടമാവുകയാണ്.