കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴി നാളെ രേഖപ്പെടുത്തും. പ്രതി ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നതെന്നാണ് വിവരം. നാളെ മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
വെള്ളിയാഴ്ച്ച ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന് എന്നിവരുടെയും ശനിയാഴ്ച്ച സംവിധായകന് ശ്രീകുമാര്‍ മേനോന്റെയും മൊഴി രേഖപ്പെടുത്തും. അടുത്ത മാസം നാലിന് റിമി ടോമിയുടെ മൊഴിയും രേഖപ്പെടുത്തും. നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആരോപിച്ചിരുന്നു.