മട്ടാഞ്ചേരി: സ്കൂളിന് അംഗീകാരം ഇല്ലാത്തതുമൂലം സിബിഎസ്സി പത്താം ക്ലാസ്സ് പരീക്ഷ എഴുതാനാകാതെ 34 വിദ്യാര്‍ഥികള്‍. തോപ്പുംപടി മൂലം കുഴിയിലുള്ള സിബിഎസ്സി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂളിന് അംഗീകാരം ഇല്ലാത്തതുമൂലം പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്.
ഇന്നാണ് പരീക്ഷ ആരംഭിക്കുന്നത്. ആദ്യ പരീക്ഷയെഴുതാന്‍ സ്കൂളില്‍ എത്തിയപ്പോഴാണ് പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന കാര്യം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. ഇതെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. സിബിഎസ്സി അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണെന്ന് ചൂണ്ടി കാട്ടി തങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിക്കുന്നത്. പരീക്ഷക്കായി വിദ്യാര്‍ത്ഥികള്‍ ഫീസും സ്കൂളില്‍ അടച്ചിരുന്നു.
നേരത്തെ പത്താം ക്ലാസ്സ് പരീക്ഷകള്‍ മറ്റ് സ്കൂളുകളില്‍ കൊണ്ടുപോയി എഴുതിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തവണ കടവന്ത്രയുളള എസ്ഡിപിവൈ സ്കൂളില്‍ പരീക്ഷ നടത്താനായിരുന്നു അരൂജ സ്കൂള്‍ അനുമതി തേടിയിരുന്നത്. എന്നാല്‍ ഇതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ഫെബ്രുവരി 10ന് സ്കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചു. ഈ കേസ് കോടതി നാളെ പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന കാര്യം അധ്യാപകര്‍ പോലും അറിയുന്നത് ഇന്നാണ്. ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാവുക അവരുടെ ഒരു വര്‍ഷമാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത് സംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.