തൃശൂര്‍: തൃശൂര്‍ കൊറ്റമ്പത്തൂരില്‍ പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മ്മിതമെന്ന് വനം വകുപ്പ്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെങ്കിലും അറിഞ്ഞോ അറിയാതെയോ തീയിട്ടതാകാമെന്നും, വേണ്ടി വന്നാല്‍ പോലീസിന്റെ സഹായം തേടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതെസമയം പ്രദേശത്ത് പടര്‍ന്ന തീ പൂര്‍ണമായും അണച്ചു. ചില മറക്കുറ്റികളില്‍ നിന്നും തടി കഷ്ണങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട്. അതിനാല്‍ ജനവാസ കേന്ദ്രങ്ങളില്‍ തീ പടരാതിരിക്കാന്‍ അഗ്നിശമന സേനയുടെ 20 അംഗ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്
ഞായറാഴ്ച ഉച്ചയ്ക്കാണ് തൃശൂര്‍ കൊറ്റമ്പത്തൂരില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മൂന്ന് വനപാലകര്‍ വെന്തുമരിച്ചിരുന്നു. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരന് കൂടിയായ ട്രൈബല്‍ വാച്ചര്‍ കെവി ദിവാകരന്, താല്‍ക്കാലിക ഫയര്‍ വാച്ചര്‍മാരായ എരുമപ്പെട്ടി സ്വദേശി എംകെ വേലായുധന്, കുമരനല്ലൂര്‍ സ്വദേശി വിഎ ശങ്കര്‍ എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇത്. ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.