കോഴിക്കോട്: ചെറുപ്പം മുതല്‍ കുട്ടികള്‍ വിശ്വസിച്ച പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തിയെന്ന് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ താഹയുടെ അമ്മ ജമീല. താഹയെ കേള്‍ക്കാതെയാണ് പാര്‍ട്ടി നടപടിയെടുത്തത്. ഇന്നു രാവിലേയും പാര്‍ട്ടി നേതാക്കളെ കണ്ടിരുന്നു. അവരാരും ഒന്നും പറഞ്ഞില്ല. ഏറെ വിഷമമുണ്ടെന്നും ജമീല കൂട്ടിച്ചേര്‍ത്തു. യുഎപിഎ കേസില്‍പ്പെട്ട അലനേയും താഹയേയും സിപിഎം പുറത്താക്കിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇവര്‍.
പന്തീരാങ്കാവില്‍ അറസ്റ്റിലായവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണ്. മാവോയിസ്റ്റിന് സിന്ദാബാദ് വിളിച്ചവരല്ലേ, അതുതന്നെ അവര്‍ മാവോയിസ്റ്റുകളാണെന്നതിന്റെ വ്യക്തമായ തെളിവല്ലേയെന്നുമാണ് കോടിയേരി പറഞ്ഞത്. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മില്‍ ആര്‍ക്കും അധികാരമില്ല. അക്കാരണത്താല്‍ അവരെ സിപിഐഎം ഏരിയ കമ്മറ്റിയില്‍ നിന്നും പുറത്താക്കി. ഏരിയാക്കമ്മറ്റിയുടെ നടപടിക്ക് ജില്ലാക്കമ്മറ്റി അംഗീകാരവും നല്‍കിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഇരുവരേയും പുറത്താക്കിയത്’. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചതാണെന്നും കോടിയേരി പറഞ്ഞു.