കൊച്ചി: മാവോയിസ്റ്റ് വേട്ടയും, യുഎപിഎ പോലെയുള്ള വകുപ്പുകള്‍ ചുമത്തുന്നതും സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യങ്ങളാണെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. കൊച്ചിയില്‍ കൃതി പുസ്തകോത്സവത്തില്‍ കലയും ചെറുത്തു നില്‍പ്പും വര്‍ത്തമാന കാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍ സംസാരിക്കുക ആയിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്.
ഉണര്‍ന്നിരിക്കുന്ന ജനതയാണ് നമുക്ക് വേണ്ടത്. എന്നാല്‍, ഉറങ്ങുന്നവരെ ആണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നതെന്നും അടൂര്‍ കുറ്റപ്പെടുത്തി. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍, പ്രധാന പ്രതിയ്ക്ക് മാത്രം ശിക്ഷ കൊടുത്താല്‍ പോരെന്നും, പ്രധാന പ്രതിക്ക് കൊടുക്കുന്ന ശിക്ഷ അക്രമത്തില്‍ ഉള്‍പ്പെടുന്ന എല്ലാവര്ക്കും നല്‍കണമെന്നും അടൂര്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം ഉണ്ടാക്കാനാണ് ഭരണത്തിലെത്തുന്നവരില്‍ കൂടുതല്‍ പേരും അഴിമതി നടത്തുന്നതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ആണെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നു, കാരണം ഹിന്ദുക്കള്‍ മറ്റു മതങ്ങളെ തള്ളി പറയാറില്ല. ഒറ്റ മതം മാത്രം മതി എന്നു പറയുന്നത് സങ്കുചിതമായ രീതിയാണെന്നും അടൂര്‍ പറഞ്ഞു. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണഘടനയുടെ മുഖവാചകം എങ്കിലും കുട്ടികള്‍ കാണാതെ പഠിക്കണമെന്നും അടൂര്കൂട്ടിച്ചേര്ത്തു.