സുല്‍ത്താന്‍ ബത്തേരി: പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ നടപടിയെടുത്ത് ബത്തേരി നഗരസഭ. റോഡില്‍ തുപ്പിയ 5 പേര്‍ക്കും പരിസരം തുപ്പി വൃത്തികേടാക്കിയതിനു മൂന്ന് മുറുക്കാന്‍ കടകള്‍ക്കുമാണ് ഇന്നലെ പിഴയിട്ടത്. പോലീസും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്നാണു പരിശോധന നടത്തുന്നത്.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുടര്‍ച്ചയായി 5 തവണ കാര്‍ക്കിച്ചു തുപ്പിയപ്പോഴാണ് ഒരാളെ പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് കുറഞ്ഞത് 2000 രൂപ പിഴ ഒടുക്കേണ്ടി വരും. അതെസമയം നഗരസഭയാണ് ചുമത്തുന്നതെങ്കില്‍ 500 രൂപയാണു പിഴ. ബത്തേരി ടൗണില്‍ പഴയ സ്റ്റാന്‍ഡ്, ചുങ്കം, എംജി റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിശോധന.
നഗരസഭ നല്കിയ മുന്നറിയിപ്പ് നോട്ടിസ് വകവക്കാതെ മുറുക്കാന്‍ ചില്ലറയായി വില്പന നടത്തുകയും മുറുക്കാന്‍ കടയുടെ മുന്‍വശം തുപ്പി വൃത്തികേടാക്കിയതിനുമാണു കടകള്‍ക്കെതിരെ നടപടി. വരും ദിവസങ്ങളിലും തുടര്‍ച്ചയായി ടൗണില്‍ പരിശോധന നടത്തുമെന്നു നഗരസഭാ അധികൃതര്‍ അറിയിച്ചു.നഗരസഭാ പരിധിയില്‍ പൊതുസ്ഥലത്ത് തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ഇന്നലെ മുതല്‍ പിഴ ഈടാക്കുമെന്ന് നഗരസഭ മൂന്‍കൂട്ടി അറിയിച്ചിരുന്നു.