ആലപ്പുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ മൂന്നുവയസ്സുകാരന് പരിക്കേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനും എതിരെ കേസ് എടുത്തു. ഇരുവര്‍ക്കും എതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. രണ്ടാനച്ഛന് വൈശാഖിനും കുട്ടിയുടെ അമ്മ മോനിഷയ്ക്കും എതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ സംരക്ഷണ ചുമതല ജില്ലാ കളക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു.
രണ്ട് ദിവസം മുമ്പാണ് വൈശാഖ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റിരുന്നു, നീരു വന്ന് വീങ്ങിയ നിലയിലാണ് ജനനേന്ദ്രിയം. അടിവയറ്റിലും നീര് വന്ന് വീങ്ങിയിട്ടുണ്ട്. വൈശാഖിന്റെ ആദ്യ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയാണ് മര്‍ദനത്തിനിരയായത്. കുട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായ വിവരമറിഞ്ഞ് നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു.
ഇവരാണ് മര്‍ദ്ദന വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതെസമയം എന്തിനാണ് കുട്ടിയെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ ഉത്തരമില്ല. അടിക്കല്ലേ എന്ന തന്റെ അപേക്ഷ വകവയ്ക്കാതെയായിരുന്നു മര്‍ദ്ദനമെന്നാണ് അമ്മ പറഞ്ഞത്.
രണ്ടാനച്ഛനായ വൈശാഖിനെ നാട്ടുകാര്‍ പിടികൂടിയതിന് ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. നാട്ടുകാരില്‍ ചിലര്‍ പ്രതിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.