ഇംഗ്ലണ്ട്: പത്തുവയസുകാരി സാറാ തോമസ് ചെടിയില്‍ നിന്ന് കണ്ടെത്തിയ ലോകത്തിലെ അപൂര്‍വ്വ ഇനം വണ്ടിനെ ഇനി ഓക്സ്ഫോഡ് മ്യൂസിയത്തില്‍ സൂക്ഷിക്കും. 1950കള്‍ക്ക് ശേഷം ഇത്തരം വണ്ടിനെ കണ്ടെത്തുന്നത് ഇപ്പോഴാണ് എന്നതാണ് പത്തുവയസുകാരിയായ ഈ മലയാളി പെണ്‍കുട്ടിയെ ലോകത്തിന് മുമ്പില്‍ ശ്രദ്ധേയമാക്കിയത്.
70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓക്സ്ഫോര്‍ഡിന്റെ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ ബ്രിട്ടീഷ് ഷഡ്പദങ്ങളിലേയ്ക്ക് ഇത്തരത്തിലുള്ള വണ്ടിനെ കൂട്ടിചേര്‍ക്കപ്പെട്ടത്. വ്യത്യസ്ത ഇനം വണ്ടിനെ കണ്ടെത്തിയതോടെ ഇതിനെകുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് ഈ പത്തുവയസുകാരി മിടുക്കി.
സാറ കണ്ടെത്തിയിരിക്കുന്ന വണ്ട് ലോകത്തിലെ അപൂര്‍വ്വ ഇനം വണ്ടാണെന്ന് തിരിച്ചറിയുകയും ഇതിനെ അനിസോക്സ്യാ ഫുസ്കുലാ എന്നാണ് ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നതെന്നും മ്യൂസിയം ഓഫ് കളക്ഷന്റെ മേധാവിയും കീടശാസ്ത്രവിദഗ്ധനുമായ ഡാരന്‍ മാന്‍ സ്ഥിരീകരിച്ചു.
വെറും അഞ്ച് മില്ലിമീറ്റര്‍ മാത്രം നീളമുള്ള വണ്ട് വനമേഖലയില്‍ താമസിക്കാനിഷ്ടപ്പെടുന്ന ഷഡ്പദമാണ്. വണ്ടിനെ സാറായുടെ പേരിലാണ് ഓക്സ്ഫോഡ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്, ലണ്ടനില്‍ താമസിക്കുന്ന എറണാകുളം സ്വദേശി തോമസ് ജോണിന്റെയും കോട്ടയം സ്വദേശിനി ബെറ്റി തോമസിന്റെയും മകളായ സാറ അങ്ങനെ വണ്ടിനെ കണ്ടെത്തി സ്റ്റാറായി.