കൊച്ചി :സംസ്ഥാനത്ത്’വാന്‍ഗിരി’ ഫോണ്‍ തട്ടിപ്പ് വീണ്ടും സജീവമാകുന്നു എന്ന് റിപ്പോര്‍ട്ട്. നിരവധി പേരുടെ പണവും വിവരങ്ങളും ചോര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് ‘വാന്‍ഗിരി’ ഫോണ്‍ തട്ടിപ്പ് നടക്കുന്നത്. ഈ സമയങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയങ്ങളില്‍ ഫോണുകളിലേക്ക് ഒരു കോള്‍ വരും. ഫോണ്‍ എടുത്താല്‍ അപ്പുറത്ത് കേള്‍ക്കുന്നത് കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചിലായിരിക്കും. 13 സെക്കന്റ് മാത്രമായിരിക്കും ഈ കോളുകളുടെ ദൈര്‍ഘ്യം. ഇതോടെ ഫോണ്‍ എടുക്കുന്നയാള്‍ ഭയന്ന് ഈ നമ്പരിലേക്ക് തിരികെ വിളിച്ചാല്‍ ഫോണിലെ ബാലന്‍സ് നഷ്ടമാകുകയും ഫോണിലെ വിവരങ്ങള്‍ ചോരുകയും ചെയ്യും. ഇതാണ് വാന്‍ഗിരി തട്ടിപ്പ്.
തിരികെ വിളിക്കുമ്പോള്‍ കോള്‍ കണക്ടാകില്ല. എന്നാല്‍ ഫോണിലെ ബാലന്‍സ് തീരുകയും , വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. 00252ല്‍# തുടങ്ങുന്ന നമ്പരുകളില്‍ നിന്നാണ് ഇത്തരം കോളുകള്‍ വരുന്നതെന്നാണ് സൂചന.
തട്ടിപ്പില്‍ നിന്ന് രക്ഷനേടാന്‍ പ്രധാനമായും ചെയ്യേണ്ടത്, ഈത്തരം നമ്പറുകള്‍ ഗൂഗിളില്‍ സേര്‍ച് ചെയ്തു നോക്കുക. മേല്പറഞ്ഞ 00252 കോഡ് ഉള്ള സൊമാലിയന്‍ നമ്പര്‍ ആണെങ്കില്‍ ഇത് തട്ടിപ്പാണെന്ന് സംശയിക്കാവുന്നതാണ്. കൂടാതെ നിരവധി കോളര്‍ ഐഡി ആപ്പുകള്‍ ലഭ്യമാണ്. ഇതിലും നോക്കാവുന്നതാണ്. തുടര്‍ച്ചയായി മിസ്ഡ് കോളുകള്‍ വരികയാണെങ്കില്‍ നിങ്ങളുടെ ടെലികോം സേവനദാതാവിന് ആ നമ്പറുകള്‍ കൈമാറുക.