കൊച്ചി: എറണാകുളം ലോ കോളേജില്‍ എസ്എഫ്ഐ- കെഎസ്യു സംഘര്‍ഷം. വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കോളേജ് യൂണിയന് ഭരിക്കുന്ന എസ്എഫ്ഐ ഇന്ന് ഉച്ചയോടെ പുല്‍വാമ ഭീകരാക്രമണത്തിന്റെ അനുസ്മരണ പരിപാടികള്‍ ക്യാമ്പസില്‍ സംഘടിപ്പിച്ചിരുന്നു. ഇതേസമയത്ത് തന്നെ കെഎസ്യു ക്യാമ്പസില്‍ തീറ്റ മത്സരം സംഘടിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് പോയത്.
രണ്ട് സംഘടനകളും ഒരേ സ്ഥലത്ത് പരുപാടി അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കു തര്‍ക്കമായി. പിന്നീടത് കയ്യാങ്കളിയിലും പിന്നീട് സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. വടികളും ക്രിക്കറ്റ് ബാറ്റുകളുമായി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.
പരിക്കേറ്റവരില്‍ 8 പേര് കെഎസ്യു പ്രവര്‍ത്തകരാണ്. ഇവര്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് പത്തു ദിവസത്തേക്ക് അടച്ചിട്ടു.