മരട്: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ അമേരിക്കന്‍ മലയാളികളും രംഗത്ത്. ഇവിടുത്തെ താമസക്കാര്‍ സമരവും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുമ്പോഴാണ് അമേരിക്കന്‍ മലയാളികളും വിധിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇവിടങ്ങളിലെ വിവിധ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ വാസസ്ഥലങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവരാണിവര്.
ഞായറാഴ്ച അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. അമേരിക്കന്‍ പൗരത്വമുള്ള മലയാളികളായ ഫ്ളാറ്റുടമകള്‍ ‘ഫൊക്കാന’ വഴിയും മറ്റു ബന്ധങ്ങള്‍ ഉപയോഗിച്ചും ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപമായ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ-ഭരണ തലങ്ങളിലെ ഇടപെടലുകള്‍ക്കായാണ് തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മരട് ‘ഹോളിഫെയ്ത്ത് -എച്ച് ടു ഒ’ റെസിഡന്‍സ് അസോസിയേഷന് അംഗങ്ങള്‍ കഴിഞ്ഞദിവസം ന്യൂ ജഴ്സിയില്‍ അടിയന്തരയോഗം ചേര്‍ന്നു. നാല്‍പ്പത്തയ്യായിരത്തോളം മലയാളികളെ പ്രതിനിധാനംചെയ്യുന്ന ‘ഫൊക്കാന’യുടെ പ്രസിഡന്റ് മാധവന് ബി നായരുമായി വിഷയം ചര്‍ച്ചചെയ്യാനുള്ള നീക്കവും ആരംഭിച്ചു.