കാസര്‍കോട്: സമൂഹമാധ്യമം വഴി ഭാര്യയെ മൊഴിചൊല്ലിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. കാസര്‍കോട് ഏലിയാല് സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാര്‍ച്ച് 15നാണ് അഷറഫ് വിദേശത്ത് നിന്നും വാട്സ് ആപ്പ് വഴി ഭാര്യയെ മൊഴി ചൊല്ലിയത്. സംഭവത്തെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്കി. സഹോദരന്റെ ഫോണാണ് യുവതി ഉപയോഗിച്ചിരുന്നത്. ഈ ഫോണിലേക്കാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയച്ചത്.
2007 ജൂലൈയിലായിരുന്നു യുവാവും കാസര്‍കോട് പുളിക്കൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. 20 പവന് സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ അഷറഫിന് നല്‍കിയിരുന്നു. അഷ്റഫിനെതിരെ ഗാര്‍ഹിക പീഡന പരാതിയില്‍ മറ്റൊരു കേസ് കൂടി കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ നിലവിലുണ്ട്.