തൃശ്ശൂര്‍: മകനുമായുള്ള വിവാഹബന്ധം ഒഴിയാനായി മരുമകളുടെയും അവരുടെ പിതാവിന്റെയും പേരില്‍ വ്യാജപരാതി നല്കി ഭര്‍തൃപിതാവ്. സംഭവത്തിന്റെ നിജസ്ഥിതി മനസിലായതോടെ ഭര്‍തൃപിതാവിനോട് 20 ലക്ഷം നഷ്ടപരിഹാരമായി നല്കാന് കോടതി ഉത്തരവിട്ടു. കുടുംബ കോടതിയാണ് ഉത്തരവിട്ടത്.
പെരുമ്പിലാവ് സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് കുടുംബകോടതി ജഡ്ജി സികെ ബൈജു ഉത്തരവിട്ടത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയോട് മോശം പെരുമാറ്റമാണ് ഭര്‍തൃപിതാവ് വെച്ച് പുലര്‍ത്തിയത്. ശേഷം ഇവയൊന്നും പുറത്തറിയാതിരിക്കാനുമായി യുവതിയെ മാനസികരോഗിയാക്കുവാനും ഭര്‍തൃപിതാവ് ശ്രമം നടത്തിയിരുന്നു.
യുവതിയെ പിതാവ് ചെറുപ്പത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ഭര്‍തൃപിതാവ് കുന്നംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ശേഷം മകനുമായുള്ള വിവാഹബന്ധമൊഴിയാനായി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പിതാവിനെയും മാതാവിനെയും കേസില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ യുവതി സമ്മതം മൂളുകയായിരുന്നു.
ഈ സമയം വിദേശത്തായിരുന്ന ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയെങ്കിലും യുവതിയുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ തിരികെ നല്കാന് ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. ഇത് നല്‍കിയതായി വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.
വിചാരണയ്ക്കിടയില്‍ ഭര്‍തൃപിതാവ് കുന്നംകുളം കോടതിയിലും പീഡനപ്പരാതി നല്‍കുകയും ശേഷം കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കുടുംബകോടതി ഉത്തരവിടുകയായിരുന്നു. കൂടാതെ യുവതിയുടെ ആഭരണങ്ങളും മറ്റും തിരികെ നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.