കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് അതേ കുഴിയില്‍ ഇരുന്ന് പ്രതിഷേധിച്ചു. യുവാവിന്റെ വാഹനം ഘട്ടറില്‍ തട്ടി താഴെ വീണ് യുവാവിനെ കാലിന് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് റോഡിലെ കുഴിയിലിരുന്ന് കൊണ്ട് ‘താങ്ക് യു കൊച്ചി, പിഡബ്ല്യൂഡി & കോര്പ്പറേഷന്’ എന്ന ബാനര്‍ പിടിച്ച് യുവാവ് പ്രതിഷേധിച്ചു. വൈറ്റില ജംഗ്ഷന്റെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധവുമായി എത്തിയ യുവാവിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.
‘കൊച്ചിയിലെ കുഴിയില്‍ ജീവിതം ധന്യമാവും. എല്ലാം അധികൃതരുടെ പുണ്യം’ എന്ന് തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലിട്ട ചിത്രം ചുരുങ്ങിയ സമയം കൊണ്ട് മൂവായിരത്തിധികം ആളുകളാണ് ഷെയര്‍ ചെയ്തത്. അതോടൊപ്പം തന്നെ നിരവധി ആളുകളാണ് യുവാവിന് പിന്തുണയുമായി എത്തിയത്. കുഴിയില്‍ വീണ് അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷനോ പിഡബ്ല്യൂഡിയോ തയ്യാറാകുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് അപകടത്തിന് വഴിവച്ച കുഴിയിലിരുന്നുകൊണ്ട് തന്നെ യാത്രക്കാരന് പ്രതിഷേധിച്ചത്.