കല്‍പ്പറ്റ: പുത്തുമലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ അവസാനം കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചു. പുത്തുമല സുവര്‍ണ്ണയില്‍ ലോറന്‍സിന്റെ ഭാര്യ ഷൈലയുടെതാണ് മൃതദേഹമെന്നാണ് ഡിഎന്‍എ പരിശോധനയില്‍ നിന്ന് വ്യക്തമാകുന്നത്.
അവസാനം കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ദുരന്തത്തില്‍ രണ്ട് സ്ത്രീകളെ കാണാതാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തേണ്ടി വന്നത്. ഫലം ഔദ്യോഗികമായി ഇന്നാണ് അധികൃതര്‍ പുറത്തുവിട്ടത്.
മൃതദേഹം തിരിച്ചറിഞ്ഞതോടെ ഇന്ന് തന്നെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളിലാണ് ബന്ധുക്കള്‍. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിമോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. മേപ്പാടി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍.
അതേ സമയം നബീസയടക്കം കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏതാനും ദിവസം മുമ്പ് ജില്ലാഭരണകൂടം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു.