കൊല്ലം: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കെ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി മുന്‍കാല എബിവിപി പ്രവര്‍ത്തകരുടെ സംഗമം. ‘മാറാന്‍ സമയമായി’ എന്ന മുദ്രാവാക്യത്തില്‍ കഴിഞ്ഞ ദിവസം ആലുവയില്‍ എബിവിപി പ്രവര്‍ത്തകര്‍ സംഗമം നടത്തുകയായിരുന്നു. മറ്റു ജില്ലകളിലും സംഗമങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ മുന്‍കാല പ്രവര്‍ത്തകരുടെ സംഗമമെന്നാണ് പറഞ്ഞതെങ്കിലും മറ്റുജില്ലകളില്‍ നിന്നുള്ളവരും യോഗത്തില്‍ പങ്കെടുത്തു.
എബിവിപി സംസ്ഥാന കാര്യാലയ നിര്‍മ്മാണമായിരുന്നു ഔദ്യോഗിക അജന്‍ഡ. എന്നാല്‍ പ്രസംഗങ്ങള്‍ പലതും ബിജെപി നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു. രാഷ്ട്രീയശക്തി സമാഹരിക്കാന്‍ പഴയകാല എബിവിപി പ്രവര്‍ത്തകര്‍ മുന്നോട്ടുവരണം. രാഷ്ട്രീയമാറ്റത്തെയും നേതൃതലത്തിലെ മാറ്റത്തെയും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്.
‘സ്ലീപ്പിങ്’ പ്രസിഡന്റിനു കീഴില്‍ കേരളത്തില്‍ ബിജെപിക്ക് വളരാനാവില്ലെന്ന അഭിപ്രായം മുതിര്‍ന്ന മുന്‍ സംഘടനാ സെക്രട്ടറിയും പങ്കുവെച്ചു. പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ സംഗമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.