കോട്ടയം: കേരളക്കരയെ ഞെട്ടിച്ച കെവിന് വധക്കേസില്‍ സുപ്രധാന വിധി ഇന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. കേസില്‍ ഈ മാസം 14ന് പ്രത്യേക വാദംകേട്ടതിന് ശേഷമാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പ്രതികള്‍ ഉള്‍പ്പെട്ട കേസ് 90 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.
കേസിന്റെ വിധി ഈ മാസം പതിനാലിന് പറയുമെന്ന് കരുതിയിരുന്നെങ്കിലും ദുരഭിമാനക്കൊല എന്ന വിഷയത്തില്‍ പ്രത്യേക വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ദുരഭിമാനക്കൊലയാണ് ഇതെന്ന് കോടതി വിധി വന്നാല്‍ ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കെവിന് കേസ് കണക്കാക്കാം. പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന വിധി കൂടിയായിരിക്കും ഇത്.
കെവിന് കീഴ്ജാതിയില്‍ പെട്ട ആളാണെന്ന് ചൂണ്ടിക്കാട്ടി നീനുവിന്റെ പിതാവും സഹോദരനും അടക്കമുള്ളവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൂഡാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം എന്നിവയടക്കം പത്ത് പ്രധാനപ്പെട്ട വകുപ്പുകള്‍ ചുമത്തിയ കുറ്റപത്രത്തിന് മേലാണ് വിചാരണ നടന്നത്. കഴിഞ്ഞ വര്‍ഷം മെയ് 27 നാണ് കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയില്‍ നിന്ന് കണ്ടെത്തിയത്.