ഏറ്റുമാനൂര്‍: ബൈക്കിന്റെ അമിതവേഗം ചോദ്യം ചെയ്തയാളുടെ വീട് കയറി ആക്രമിച്ച് ഗുണ്ടാസംഘം. സംഭവം അറിഞ്ഞ് അന്വേഷിക്കാനെത്തിയ പോലീസിനു നേരെ സംഘം പെട്രോള്‍ ബോംബും എറിഞ്ഞു. എഎസ്ഐ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ കാണക്കാരി മാവേലിനഗര്‍ വലിയതടത്തില്‍ ഡെല്‍വിനെ(22) അറസ്റ്റ് ചെയ്തു.
അതിരമ്പുഴ കോട്ടമുറിക്ക് സമീപം മലപ്പറമ്പില്‍ പയസ്സിന്റെ വീടിനു നേരേയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തെ റോഡിലൂടെ ബൈക്കില്‍ അമിതവേഗത്തില്‍ പാഞ്ഞ പ്രായപൂര്‍ത്തിയാകാത്തയാളെ പയസ് ശാസിച്ചിരുന്നു. പ്രകോപിതനായ കുട്ടി കൂടുതല്‍ ആള്ക്കാരുമായെത്തി വീട് അടിച്ചുതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുനിന്ന് കാറുകളില്‍ കടന്ന സംഘം കുറച്ചുമാറി നിലയുറപ്പിച്ചു. പയസിന്റെ സഹോദരന്റെ വീട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
സംഭവമറിഞ്ഞ് രാത്രി 12 മണിയോടെയാണ് പോലീസ് എത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ മതിലില്‍ ഇടിച്ചുനിന്നു. പുറത്തിറങ്ങിയ സംഘം പോലീസുകാര്‍ക്കു നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബോംബ് പൊട്ടാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് ബിയര്‍ കുപ്പിയില്‍ നിറച്ച പെട്രോളും വടിവാളുകളും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തില്‍പെട്ട ഡെല്‍വിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസെടുത്തു.