തിരുവനന്തപുരം: സ്വത്തിനായി അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരന് അടക്കം ആറുപേര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ നെട്ടയം സ്വദേശി ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജ്യോതീന്ദ്രനാഥ്(49),ശങ്കര്‍(36),രതീഷ്(33),സതി(36), ജോജെ(29),അനില്‍(28) എന്നിവരാണ് അറസ്റ്റിലായത്.
ജൂലായ് മൂന്നിന് രാത്രി 10.30 നാണ് പ്രതികള്‍ ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായി അനുജന് നെട്ടയം വേറ്റിക്കോണം ബിന്ദുഭവനില്‍ ജ്യോതീന്ദ്രനാഥാണ് ക്വട്ടേഷന്‍ നല്‍കിയത്. കരകുളം പൊട്ടന്‍ചിറ വീട്ടില്‍ ശങ്കര്‍, അരുവിക്കര വികാസ് നഗര്‍ മരുതുംമൂട് വീട്ടില്‍ രതീഷ്, അരുവിക്കര നെല്ലിവിള വീട്ടില്‍ മോഹന്‍ സതി, മണക്കാട് പുഞ്ചക്കരി എ എസ് ഭവനില്‍ ഉണ്ണി എന്ന ജോജെ, പുഞ്ചക്കരി വട്ടവിള വീട്ടില്‍ അനില്‍ എന്നിവര്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.
ശങ്കറും സംഘവും ചേര്‍ന്ന് വഞ്ചിയൂരിലുള്ള ഓഫീസില്‍നിന്നുമാണ് ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയത്. അഭിഭാഷകന്റെ കാറില്‍തന്നെയാണ് ആര്യങ്കാവ് ഭാഗത്തേക്കു പോയത്. തുടര്‍ന്ന് ജ്യോതികുമാറിന് സയനൈഡ് എന്ന് കരുതിയ പൊടി നല്‍കുകയും കഴുത്ത് മുറുക്കുകയും ചെയ്തു. മരിച്ചെന്ന് കരുതിയ ശേഷം ഇയാളെ കൈയും കാലും കെട്ടി ആര്യങ്കാവ് ചെക്പോസ്റ്റിനു സമീപം കൊക്കയില്‍ ഉപേക്ഷിച്ചു.
പിടിക്കപ്പെടാതിരിക്കാനായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്നാട്ടിലെ പുളിയറയില്‍ ഉപേക്ഷിച്ചു. എന്നാല്‍ ബോധം തിരിച്ച് കിട്ടിയതോടെ പ്രദേശവാസികളുടെ സഹായത്തോടെ ജ്യോതികുമാര്‍ തിരിച്ചെത്തി. സംഭവത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നെട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് താന്‍ ജ്യോതികുമാരിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അനുജനായ ജ്യോതീന്ദ്രനാഥ് പറഞ്ഞു.
ഇതിനായി ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നും ഇയാള്‍ വെളിപ്പെടുത്തി. നല്ലവിലയുള്ള ചില സ്ഥലങ്ങള്‍ അവിവാഹിതനായ സഹോദരന് മറ്റു ബന്ധുക്കള്‍ക്കു നല്‍കുമെന്ന സംശയമാണ് കൊലപാതകശ്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.