പട്ന: ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജ് പ്രതാപ് യാദവിനെ കുറിച്ച് തുറന്ന് പറച്ചിലുമായി ഭാര്യ ഐശ്വര്യ. തേജ് പ്രതാപുമായുള്ള വിവാഹമോചന ഹര്‍ജിയുമായി ബന്ധപ്പെട്ട് നടന്ന കേസിലെ വാദത്തിലാണ് ഐശ്വര്യ തുറന്ന് പറച്ചില് നടത്തിയത്. തേജ് പ്രതാപ് യാദവ് കഞ്ചാവിന് അടിമയാണെന്നാണ് ഐശ്വര്യ പറയുന്നത്. കൂടാതെ വിചിത്രമായ സ്വഭാവ രീതിയും പ്രതാപിനുണ്ടെന്ന് ഐശ്വര്യ പറയുന്നു.
വിവാഹത്തിനു ശേഷം ഉടന്‍ തന്നെ തേജ് പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്ന് തനിക്ക് വ്യക്തമായെന്ന് ഐശ്വര്യ പറയുന്നു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും താന്‍ ഭഗവാന് ശിവന്റെ അവതാരമാണെന്ന് പലപ്പോഴും സ്വയം അവകാശപ്പെടുകയും ചെയ്യുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ കൃഷ്ണനെ പോലെയും മറ്റുചിലപ്പോള്‍ ശിവനപ്പോലെയും വേഷം ധരിക്കും. വിവാഹത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ത്തന്നെ ദൈവങ്ങളുടെ വേഷം ധരിക്കുന്ന പതിവ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നുമാത്രമല്ല, ചിലപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പാവാടയും ബ്ലൗസും ധരിക്കുകയും നീളമുള്ള കൃത്രിമ മുടിയും ചമയങ്ങളും അണിഞ്ഞ് രാധയായി വേഷം മാറുകയും ചെയ്യും- ഐശ്വര്യ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് പലതവണ മുന്നറിയിപ്പ് കൊടുത്തിരുന്നതായും ഐശ്വര്യ വ്യക്തമാക്കി. എന്നാല്‍ ‘കഞ്ചാവ് ഭഗവാന് ശിവന്റെ പ്രസാദമാണ്. അത് ഉപയോഗിക്കരുതെന്ന് പറയാന്‍ പാടില്ല’ എന്നായിരുന്നു തേജ് പ്രതാപ് മറുപടി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. തേജ് പ്രതാപിന്റെ ലഹരി ഉപയോഗവും വിചിത്രമായ പെരുമാറ്റരീതികളും അദ്ദേഹത്തിന്റെ മാതാവിന്റെയും സഹോദരിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ സ്വഭാവം മാറുമെന്ന് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ യാതൊരു മാറ്റവും ഉണ്ടായില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. 2018 മേയ് മാസത്തിലാണ് തേജ് പ്രതാപും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോഴാണ് വിവാഹ മോചന ഹര്‍ജി നല്‍കിയത്. തേജ് പ്രതാപ് തന്നെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വിവാഹ മോചനം ലഭിക്കാതെ വീട്ടില്‍ വരികയില്ലെന്ന് പറയുകയും ശേഷം വീട് വിട്ട് ഇറങ്ങുകയും ചെയ്തിരുന്നു.